കാത്തിരിപ്പിന് വിരാമം; നിലന്പൂർ റെയിൽവേ അടിപ്പാത തുറന്നു
1596007
Tuesday, September 30, 2025 8:11 AM IST
നിലന്പൂർ: കാത്തിരിപ്പിനൊടുവിൽ നിലന്പൂർ റെയിൽവേ അടിപ്പാത ഗതാഗതത്തിനായി തുറന്നു. പതിറ്റാണ്ടുകൾ നീണ്ട നിലന്പൂരിന്റെ സ്വപ്നം ഇതോടെ സഫലമായി. അടിപ്പാതയുടെ അറ്റകുറ്റപ്പണികൾ ബാക്കി നിൽക്കെ യാത്രക്കാരുടെ ദുരിതം അവസാനിപ്പിക്കാൻ റെയിൽവേ എഡിആർഎമ്മിന്റെ നേതൃത്വത്തിൽ അടിപ്പാത തുറന്ന് കൊടുക്കുകയായിരുന്നു.
ഒരു നൂറ്റാണ്ടിന്റെ ചരിത്രമുള്ള നിലന്പൂർ റെയിൽവേ, വികസന വഴിയിൽ കുതിക്കുകയാണ്. ഏറെക്കാലം നാല് സർവീസുകൾ മാത്രമുണ്ടായിരുന്ന നിലന്പൂർ പാതയിൽ ഇപ്പോൾ മെമു ഉൾപ്പെടെ 16 സർവീസുകളുണ്ട്.
റെയിൽവേ സ്റ്റേഷന് സമീപം നിലന്പൂർ-പൂക്കോട്ടുംപാടം മലയോര ഹൈവേ മുറിച്ച് കടന്നാണ് ഇത്രയുംകാലം ട്രെയിൻ സർവീസ് നടത്തിയിരുന്നത്. മാത്രമല്ല, റെയിൽവേ സ്റ്റേഷനിൽ എൻജിൻ മാറ്റുന്പോൾ ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് നിലന്പൂർ-പൂക്കോട്ടുംപാടം പാതയിലെ നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരുന്നത്.
ആംബുലൻസുകൾ, സ്കൂൾ വാഹനങ്ങൾ, ബസുകൾ ഉൾപ്പെടെ റെയിൽവേ ഗേറ്റിൽ ഇരുഭാഗത്തും കുടുങ്ങിക്കിടക്കുന്നത് പലപ്പോഴും ദുരിതത്തിനിടയാക്കാറുണ്ട്. ഇതിന് പരിഹാരമായാണ് റെയിൽവേ ട്രാക്കിന് താഴെ റോഡ് നിർമിച്ചത്. 12 കോടി രൂപ ചെലവിലാണ് അടിപ്പാത നിർമാണം പൂർത്തീകരിച്ചത്. പകുതി വീതം തുക റെയിൽവേയും സംസ്ഥാന സർക്കാരുമാണ് പദ്ധതിക്ക് അനുവദിച്ചത്. എട്ട് മീറ്റർ വീതിയിൽ റോഡും ഒരു മീറ്റർ വീതിയിൽ നടപ്പാതയും അടിപ്പാതയിലുണ്ട്.
ഏറെക്കാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ നിലന്പൂർ - പൂക്കോട്ടുംപാടം റോഡ് അടച്ച് പ്രവൃത്തി തുടങ്ങി.
ആറ് മാസം കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച നിർമാണം ഒന്നര വർഷത്തോളം നീണ്ടത് യാത്രക്കാരെ വലച്ചിരുന്നു. ഇടുങ്ങിയ ഗ്രാമീണ പാതയിലൂടെയാണ് ബസുകളും ലോറികളും ഉൾപ്പെടെ സഞ്ചരിച്ചിരുന്നത്. കെഎസ്ആർടിസി ഉൾപ്പെടെയുള്ളവ കരുളായി വഴി ഏറെ ചുറ്റിക്കറങ്ങിയാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ അടിപ്പാത ഗതാഗതത്തിനായി തുറന്നതോടെ നാട്ടുകാർക്കും യാത്രക്കാർക്കും ആശ്വാസമായി. അതേസമയം അടിപ്പാതയുടെ അറ്റകുറ്റപ്പണികൾ തുടരുകയാണ്. ഇരുഭാഗത്തും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉൾപ്പെടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.