ഭിന്നശേഷി കുട്ടികൾക്കായി സെലക്ഷൻ ട്രയൽ നടത്തി
1595999
Tuesday, September 30, 2025 8:11 AM IST
മഞ്ചേരി: സംസ്ഥാനതല കായിക മേളയിലേക്ക് തെരഞ്ഞെടുക്കുന്നതിനായി ഭിന്നശേഷി കുട്ടികൾക്കായി ജില്ലാതല ഇൻക്ലൂസീവ് സെലക്ഷൻ ട്രയൽ മഞ്ചേരിയിൽ നടന്നു. കഴിഞ്ഞ വർഷമാണ് സർക്കാർ ഭിന്നശേഷി കുട്ടികൾക്കായി കായികമേള ആരംഭിച്ചത്. രണ്ടു തവണയും ജില്ലാതല സെലക്ഷൻ ട്രയലിന് മഞ്ചേരിയാണ് ആതിഥേയത്വം വഹിച്ചത്.
മഞ്ചേരി ബിആർസിയുടെ നേതൃത്വത്തിൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന സെലക്ഷൻ ട്രയലിൽ ജില്ലയിലെ 15 ബിആർസികളിൽ നിന്നായി ഇരുനൂറിലധികം വിദ്യാർഥികൾ മാറ്റുരച്ചു. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ഹാന്റ്ബോൾ തുടങ്ങി അഞ്ചിനങ്ങളിലാണ് സെലക്ഷൻ ട്രയൽ നടന്നത്. രാവിലെ ഒന്പത് മണിയോടെ ദീപശിഖാ പ്രയാണം നടന്നു.
എംഎസ്പി കമാൻഡന്റ് കെ. സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി. മഹേഷ് അധ്യക്ഷത വഹിച്ചു. ബിപിസി കെ. ബിന്ദു, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബീന മാണിക്കോത്ത്, കൊണ്ടോട്ടി ബിപിസി അനീഷ് കുമാർ, മലപ്പുറം ബിപിസി മുഹമ്മദാലി, മഞ്ചേരി ബിആർസി ട്രെയിനർ സി. നിഖിൽ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത വിദ്യാർഥികൾക്ക് സമാപന സമ്മേളനത്തിൽ ഉപഹാരം നൽകി.