ജില്ലാ പോലീസ് കായികമേള: ഫുട്ബോളിൽ സെമി ഫൈനൽ ഇന്ന്
1595995
Tuesday, September 30, 2025 8:10 AM IST
മലപ്പുറം: ജില്ലാ പോലീസ് കായികമേളയോടനുബന്ധിച്ച് നടക്കുന്ന ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് കിക്കെടുത്ത് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് കളിക്കാരുമായി പരിചയപ്പെട്ടു. ഡിവൈഎസ്പി കെ.എം. ബിജു, മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു. കോട്ടപ്പടി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ താനൂർ സബ് ഡിവിഷനെ (4-0) ഗോളുകൾക്ക് തകർത്ത് ജില്ലാ പോലീസ് ഓഫീസ് സെമിയിലെത്തി. പെരിന്തൽമണ്ണ, കൊണ്ടോട്ടി സബ് ഡിവിഷനുകൾ മാറ്റുരച്ച രണ്ടാം ക്വാർട്ടറിൽ നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനില നേടിയതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. (7-6) സ്കോറിന് കൊണ്ടോട്ടി സബ് ഡിവിഷൻ സെമിയിൽ പ്രവേശിച്ചു.
ഉച്ചക്ക് ശേഷം നടന്ന രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഡിഎച്ച്ക്യു, മലപ്പുറം സബ് ഡിവിഷനെയും നിലന്പൂർ സബ് ഡിവിഷൻ തിരൂർ സബ് ഡിവിഷനെയും തോൽപ്പിച്ചതോടെ സെമി ഫൈനൽ ടീമുകളായി. ഇന്ന് രാവിലെ നടക്കുന്ന സെമിയിൽ ജില്ലാ പോലീസ് ഓഫീസ്, കൊണ്ടോട്ടി സബ് ഡിവിഷനെയും ഡിഎച്ച്ക്യു, നിലന്പൂർ സബ് ഡിവിഷനെയും നേരിടും. തുടർന്ന് ഫൈനൽ നടക്കും.
ജില്ലാ പോലീസ് കായികമേളയോടനുബന്ധിച്ചുള്ള ഗെയിംസ് ഇനങ്ങളായ ബാഡ്മിന്റണ് മത്സരങ്ങൾ ഒക്ടോബർ മൂന്നിനും ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ നാലിനും അഞ്ച്, ആറ് തിയതികളിൽ ക്രിക്കറ്റും ഏഴിന് വോളിബോളും അരങ്ങേറും. 11, 12 തിയതികളിൽ കാലിക്കട്ട് യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽഅത്ലറ്റിക് മത്സരങ്ങളും നടക്കും. ഇതോടെ കായിക മേള സമാപിക്കും.