തറമുറ്റം നിവാസികൾ കാട്ടാന ഭീതിയിൽ
1595316
Sunday, September 28, 2025 5:30 AM IST
നിലന്പൂർ: കാട്ടാന ഭീതിയിൽ തറമുറ്റം നിവാസികൾ. വനംവകുപ്പ് അടിയന്തരമായി സോളാർ വൈദ്യുത തൂക്കുവേലി നിർമിക്കണമെന്നാവശ്യം ശക്തമാകുന്നു. ചാലിയാർ പഞ്ചായത്തിലെ തറമുറ്റം നിവാസികളായ അന്പതിലേറെ മലയോര കർഷക കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്. മൂലേപ്പാടം സെന്റ് ജോസഫ് പള്ളിയ്ക്ക് സമീപം വരെ കാട്ടാനകൾ എത്തുന്ന സാഹചര്യമാണുള്ളത്.
വനംവകുപ്പ് എച്ച് ബ്ലോക്ക് മുതൽ പന്നിക്കുഴി ഭാഗംവരെയുള്ള രണ്ടര കിലോമീറ്റർ ഭാഗം വരെ സോളാർ വൈദ്യുത വേലി പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ തറമുറ്റം മുതൽ എച്ച് ബ്ലോക്ക് വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്ത് വൈദ്യുത വേലി ഇല്ലാത്തതിനാൽ രാത്രിയാകുന്നതോടെ പന്തിരായിരം വനമേഖലയിൽ നിന്ന് തറമുറ്റം ഭാഗത്തേക്ക് കാട്ടാനകൾ എത്തുകയാണ്.
ഈ മേഖലയിൽ വലിയ തോതിലാണ് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത്. 1970 കളിൽ മലയോര കർഷകർ കുടിയേറിയ മേഖലയാണ് ഇന്ന് കാട്ടാനകളുടെ കേന്ദ്രമായി മാറി കഴിഞ്ഞിരിക്കുന്നത്.