വായനോത്സവം സംഘടിപ്പിച്ചു
1595997
Tuesday, September 30, 2025 8:11 AM IST
എടക്കര: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിർദേശ പ്രകാരം വിദ്യാർഥികൾക്കിടയിൽ വായന സംസ്കാരം വളർത്തുന്നതിനായി ചുങ്കത്തറയിൽ വായനോത്സവം സംഘടിപ്പിച്ചു.
പഞ്ചായത്ത് തല മത്സരത്തിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾ അടുത്ത മാസം നടക്കുന്ന താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ചുങ്കത്തറ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ എൽപി, യുപി വിഭാഗത്തിൽ നടത്തിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികളാണ് പഞ്ചായത്ത് തലത്തിൽ മത്സരിച്ചത്.
യുപി വിഭാഗത്തിൽ നിന്ന് ആദ്യമൂന്ന് സ്ഥാനങ്ങൾ നേടിയ കുറുന്പലങ്ങോട് ജിയുപിഎസിലെ പാർവതി, കൊന്നമണ്ണ ജിയുപിഎസിലെ എയ്ഞ്ചൽ ഏബ്രഹാം, പള്ളിക്കുത്ത് ജിയുപിഎസിലെ വി.ടി. മിഥില, എൽപി വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ പള്ളിക്കുത്ത് ജിയുപിഎസിലെ വി. അഫ്ല, ചുങ്കത്തറ ജിഎൽപിഎസിലെ റിതിൻ ബിജു ജോസഫ്, ചുങ്കത്തറ എംടിഎച്ച്എസ്എസിലെ എം.ടി. മുഹമ്മദ് അഫ്നാൻ എന്നിവരാണ് അടുത്ത മാസം വണ്ടൂരിൽ നടക്കുന്ന താലൂക്ക് തല മത്സരങ്ങളിലേക്ക് യോഗ്യത നേടിയത്. വായനോത്സവ ചടങ്ങ് നിലന്പൂർ താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് ഇ.എ. മാർക്കോസ് ഉദ്ഘാടനം ചെയ്തു.
കെ. വേദവ്യാസൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി മൈലാടി റഹ്മത്തുള്ള മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം കെ.പി. മൈമൂന സർട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു. സുരേന്ദ്രൻ, സജി, വി.പി. ബാലൻ എന്നിവർ പ്രസംഗിച്ചു.