ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങുമായി ഏലംകുളം ബാങ്ക്
1596291
Wednesday, October 1, 2025 8:14 AM IST
ഏലംകുളം: ഏലംകുളം പഞ്ചായത്തിൽ ഡയാലിസിസ് ചെയ്യുന്ന എ ക്ലാസ് അംഗങ്ങളായ രോഗികൾക്ക് ധനസഹായം നൽകുന്ന നൂതന പദ്ധതി നടപ്പാക്കുമെന്ന് ഏലംകുളം സർവീസ് സഹകരണ ബാങ്ക് അധികൃതർ വ്യക്തമാക്കി. ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2024-25 വർഷത്തിൽ ബാങ്കിന് 82.11 ലക്ഷം രൂപ അറ്റാദായം ഉണ്ടായതായി വാർഷിക റിപ്പോർട്ട്.
"എ’ ക്ലാസിഫിക്കേഷനുള്ള ബാങ്കിൽ 142.44 കോടിയുടെ നിക്ഷേപമാണുള്ളത്. ഓഹരി മൂലധനം 2.8 കോടിയാണ്. ബാങ്കിന്റെ ഉടമസ്ഥതയിൽ കർഷകർക്കായി വായ്പകളും രാസവള ഡിപ്പോയും പ്രവർത്തിക്കുന്നു. നിർധനരായ എ ക്ലാസ് അംഗങ്ങൾക്കായി ആരംഭിച്ച ഇഎംഎസ് ഭവനനിധിയിലൂടെ അഞ്ച് വീടുകളുടെ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി.
നിർധനരായ അംഗങ്ങൾക്ക് ചികിത്സ, മരണാനന്തര സഹായം എന്നീയിനത്തിൽ 5.14 ലക്ഷം രൂപയും റിസ്ക് ഫണ്ടിനത്തിൽ 1.5 ലക്ഷം രൂപയും നൽകി. ഉത്സവകാല ചന്തകൾ, അംഗങ്ങൾക്ക് ക്ഷേമനിധി, ചികിത്സാ സഹായം, വിദ്യാർഥികൾക്ക് അക്ഷര നിക്ഷേപം, ഉന്നത വിജയികൾക്ക് അവാർഡുകൾ എന്നിവ നൽകിവരുന്നു. നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുള്ള ബാങ്ക്, സാധാരണ വായ്പകൾക്ക് പുറമേ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് "മുറ്റത്തെമുല്ല’, ഗ്രൂപ്പ് ലോണ്, ഇരുചക്ര വാഹനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും വായ്പ എന്നിവയും നടപ്പാക്കി വരുന്നു.
വാർഷിക യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി.ഗോവിന്ദ പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.വി. ഷൈല അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും 2025-26 വർഷത്തേക്കുള്ള ബജറ്റും യോഗം അംഗീകരിച്ചു. വൈസ് പ്രസിഡന്റ് എം. അബൂബക്കർ, ഡയറക്ടർ പി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.