ഐഎസ്ഒ തിളക്കത്തിൽ മഞ്ചേരി നഗരസഭ
1595671
Monday, September 29, 2025 5:48 AM IST
മഞ്ചേരി: സന്പൂർണ ഗുണമേൻമ സംവിധാനം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി നഗരസഭക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ. പൊതുജനങ്ങൾക്കുള്ള ഭൗതിക സൗകര്യങ്ങൾ, റിക്കാർഡ് റൂം, ഐഎസ്ഒ ഡോക്യുമെന്റേഷൻ, ഓഫീസ് ശുചിത്വം, വിവിധ മീറ്റിംഗ് മിനിട്ട്സുകൾ, നഗരസഭ നൽകുന്ന സേവനങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സർട്ടിഫിക്കേഷന് ശിപാർശ ചെയ്തത്.
എൻഎബിസിബി അംഗീകാരമുള്ള ടാറ്റ ക്വാളിറ്റി സർവീസസാണ് പരിശോധന നടത്തിയത്. കിലയാണ് കണ്‍സൾട്ടൻസി സേവനം ലഭ്യമാക്കിയത്. മലപ്പുറം മുൻ ഡിഡിപി വി.പി. സുകുമാരൻ, തൃശൂരിലെ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന പ്രേമാനന്ദൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
നഗരസഭ കൗണ്‍സിൽ ഹാളിൽ നടന്ന എക്സിറ്റ് യോഗം ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, കൗണ്‍സിലർമാരായ എൻ.കെ. ഉമ്മർ ഹാജി, ഹുസൈൻ മേച്ചേരി, ടി.എം. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.