മഞ്ചേരിയിൽ കെഎസ്ആർടിസിയുടെ പാഴ്സൽ സർവീസ് പുനരാരംഭിച്ചു
1595994
Tuesday, September 30, 2025 8:10 AM IST
മഞ്ചേരി: മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം പുനരാരംഭിച്ചു. 2024 ജൂലൈ 17ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേന്ദ്രം കഴിഞ്ഞ ഒരു മാസത്തോളമായി പ്രവർത്തനരഹിതമായിരുന്നു.
ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് കേന്ദ്രം പൂട്ടിയത്. വിഷയം ഇക്കഴിഞ്ഞ ജില്ലാ വികസന സമിതി ചർച്ച ചെയ്തിരുന്നു. കേന്ദ്രം പുനരാരംഭിക്കണമെന്നും സ്റ്റേഷൻ മാസ്റ്റർ ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ 18ന് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകി. നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 29ന് പാഴ്സൽ സർവീസ് പുനരാരംഭിക്കുമെന്നും ദിവസങ്ങൾക്കകം സ്റ്റേഷൻമാസ്റ്റർ ഓഫീസിൽ നിയമനം നടത്തുമെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു.
ജില്ലയിലെ അഞ്ചാമത്തെ പാഴ്സൽ സർവീസ് കേന്ദ്രമാണ് മഞ്ചേരിയിലേത്. നിലന്പൂർ, മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിലവിൽ കൊറിയർ സർവീസുണ്ട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസി മഞ്ചേരിയിലും കൊറിയർ സർവിസ് ആരംഭിച്ചത്. സാധാരണ സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനേക്കാൾ 30 ശതമാനം വരെ കുറവിലാണ് കെഎസ്ആർടിസി പാഴ്സൽ എത്തിക്കുക. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കൊറിയർ കൗണ്ടർ പ്രവർത്തിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറാം. പാഴ്സൽ ട്രാക്കിംഗ് സംവിധാനവുമുണ്ട്. ബസുകളിലാണ് ഉരുപ്പടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്.