സിബിഎസ്ഇ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
1596004
Tuesday, September 30, 2025 8:11 AM IST
പെരിന്തൽമണ്ണ: ഒക്ടോബർ നാല്, അഞ്ച് തിയതികളിൽ പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിലും (സർഗോത്സവം, ഐടി ഫെസ്റ്റ്) 11, 12 തിയതികളിൽ പുത്തനങ്ങാടി സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും (സ്റ്റേജ് മത്സരങ്ങൾ) നടക്കുന്ന മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ സർഗോത്സവ ജനറൽ കണ്വീനറും സഫ സ്കൂൾ പ്രിൻസിപ്പലുമായ എ. മുഹമ്മദ് മുസ്തഫക്ക് ലോഗോ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങിൽ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖല പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.
മഞ്ചേരി ബെഞ്ച് മാർക്സ് സ്കൂളിലെ സായ് കൃഷ്ണ അജിത് ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ലോഗോ മത്സരത്തിൽ പൂക്കോട്ടുംപാടം ഗുഡ്വിൽ സ്കൂളിലെ അർഫിൻ ഷാൻ രണ്ടാം സ്ഥാനവും പൊന്നാനി ഹിലാൽ പബ്ലിക് സ്കൂളിലെ മുഹമ്മദ് സിനാൻ മൂന്നാം സ്ഥാനവും നേടി.
വിജയികളെ കലോത്സവ ഉദ്ഘാടന വേദിയിൽ അനുമോദിക്കും. ജനറൽ സെക്രട്ടറി എം.ജൗഹർ, സിബിഎസ്ഇ സിറ്റി കോ ഓർഡിനേറ്റർ പി. ഹരിദാസ്, ജില്ലാ ട്രെയിനിംഗ് കോ ഓർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ, സഹോദയ വൈസ് പ്രസിഡന്റുമാരായ ഫാ. നന്നം പ്രേംകുമാർ, ഡോ. സി.കെ.എം. ഷിബിലി, സഫ ട്രസ്റ്റ് സെക്രട്ടറി യു.എ. ഷമീർ, ഡൽഹി ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ സി.കെ.എം. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്ന് 5000 ൽ പരം പ്രതിഭകൾ മാറ്റുരയ്ക്കും.