തദ്ദേശ തെരഞ്ഞെടുപ്പ്: നിലന്പൂരിൽ മുന്നൊരുക്കവുമായി മുന്നണികളും തൃണമൂൽ കോണ്‍ഗ്രസും
1596280
Wednesday, October 1, 2025 8:14 AM IST
നിലന്പൂർ: നഗരസഭ തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി മുന്നണികൾ. നിലന്പൂർ നഗരസഭ നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും നിലവിലെ സീറ്റ് നിലനിർത്താൻ ബിജെപിയും ശക്തി തെളിയിക്കാൻ തൃണമൂൽ കോണ്‍ഗ്രസും രംഗത്തിറങ്ങുന്നതോടെ ഇക്കുറി നിലന്പൂർ നഗരസഭ തെരഞ്ഞെടുപ്പിന് വീറും വാശിയുമേറും.
നിലന്പൂർ ബൈപാസ്, ചന്തക്കുന്ന് ബസ് സ്റ്റാൻഡ്, വന്യമൃഗശല്യം, അഴിമതി എന്നിവ പ്രധാന പ്രചാരണ വിഷയങ്ങളാകും. നിലവിൽ എൽഡിഎഫ് 21, കോണ്‍ഗ്രസ് 9, ബിജെപി ഒന്ന്, സ്വതന്ത്രൻ ഒന്ന്, തൃണമൂൽ കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇക്കുറി നിലന്പൂർ നഗരസഭ തെരഞ്ഞെടുപ്പ് മുന്നണികൾക്കും തൃണമൂൽ കോണ്‍ഗ്രസിനും നിർണായകമാകും. 2020-ലെ കനത്ത തോൽവിക്ക് മറുപടി നൽകാൻ ലീഗും പോരാട്ടത്തിൽ സജീവമാകും. 33 അംഗ ഭരണസമിതിയാണ് നിലവിലുള്ളതെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ 36 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 13 ന് നടക്കുന്ന നറുക്കെടുപ്പിന് ശേഷമായിരിക്കും സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവും.
2020-ൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ നഗരസഭ ഭരണം പിടിച്ച എൽഡിഎഫിന്റെ നിലയിപ്പോൾ അത്ര സുരക്ഷിതമല്ല. പി.വി. അൻവറിനെ മുന്നിൽ നിർത്തിയാണ് 20 വർഷത്തെ യുഡിഎഫ് ഭരണത്തെ അന്ന് താഴെയിറക്കിയത്. അൻവർ എൽഡിഎഫ് വിട്ടതും തൃണമൂൽ കോണ്‍ഗ്രസ് നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും മത്സരിക്കാൻ സാധ്യത നിലനിൽക്കുന്നതും എൽഡിഎഫിന് തലവേദനയാകും.
യുഡിഎഫിന് നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ നഗരസഭയിൽ 3967 വോട്ടിന്റെ ലീഡ് ലഭിച്ചെങ്കിലും അത് എത്രകണ്ട് നഗരസഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നത് നിർണായകമാകും. സ്ഥാനാർഥി നിർണയമാകും കോണ്‍ഗ്രസിന് തലവേദനയാവുക. സ്ഥിരമായി മത്സരിക്കുന്നവരെ വീണ്ടും കളത്തിലിറക്കിയാൽ യുവജന വിഭാഗത്തിന് വേണ്ട പരിഗണന ലഭിക്കില്ലെന്ന ആശങ്ക യൂത്ത് കോണ്‍ഗ്രസിനുണ്ട്.
ഇക്കുറി യൂത്ത് കോണ്‍ഗ്രസിന് വലിയ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും യുവനേതാക്കൾ പങ്കിടുന്നു. കഴിഞ്ഞ തവണ ഒന്‍പത് ഡിവിഷനിൽ മത്സരിച്ച് ഒന്‍പതിലും പരാജയപ്പെട്ട മുസ്ലിം ലീഗിന് ഇക്കുറി മികച്ച വിജയം നേടാനായില്ലെങ്കിൽ അത് കനത്ത തിരിച്ചടിയാകും. ബിജെപി 2020-ൽ സിപിഎം കോട്ടയായ കോവിലകത്തുമുറി ഡിവിഷനിൽ അട്ടിമറി വിജയം നേടിയിരുന്നു. ഇക്കുറി ഒന്നിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. നിലന്പൂർ നഗരസഭ ഭരണം നേടുന്ന മുന്നണിക്ക് 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷ വർധിക്കും.