എല്ല് സംസ്കരണ യൂണിറ്റിനെതിരേ നാട്ടുകാർ
1596001
Tuesday, September 30, 2025 8:11 AM IST
മഞ്ചേരി: വർഷങ്ങളായി പ്രവർത്തിക്കുന്ന എല്ല് സംസ്കരണ യൂണിറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
തൃക്കലങ്ങോട് പഞ്ചായത്തിൽ മരത്താണി കയറ്റിക്കുന്നിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരേയാണ് നാട്ടുകാരുടെ സമരം. 35 വർഷം മുന്‍പ് കന്പനി ആരംഭിക്കുന്പോൾ പ്രദേശത്ത് വിരലിലെണ്ണാവുന്ന വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അറൂനൂറ് മീറ്റർ ചുറ്റളവിലായി നൂറോളം വീടുകളുണ്ട്. ജില്ലക്ക് പുറത്തു നിന്നും ടണ്‍കണക്കിന് എല്ല് ആണ് ഇവിടേക്ക് എത്തുന്നത്.
ഇവിടെ താമസിക്കുന്നവർക്ക് തലവേദനയും അലർജിയും വിട്ടുമാറുന്നില്ല. കന്പനി അധികൃതരോട് പരാതി പറഞ്ഞാൽ അവർ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് പ്രദേശവാസികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും കന്പനിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നത്.
ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ആരോഗ്യ വകുപ്പിനും ഇവർ പരാതി നൽകിയിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങുമെന്ന് നാട്ടുകാരായ ഷഫീഖലി പാലാന്തൊടി, സിറാജുദ്ദീൻ കൈനിക്കര, നജീബ് പുവളപ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.