നഗരസഭാ സെക്രട്ടറിയെ സ്ഥലംമാറ്റിയതിൽ കൗണ്‍സിൽ യോഗത്തിൽ പ്രമേയം
1595996
Tuesday, September 30, 2025 8:10 AM IST
മഞ്ചേരി: ചുമതലയേറ്റ് 15 ദിവസത്തിനകം മഞ്ചേരി നഗരസഭാ സെക്രട്ടറിയെ സ്ഥലം മാറ്റിയ നടപടിക്കെതിരേ കൗണ്‍സിൽ യോഗത്തിൽ പ്രമേയം. വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സെക്രട്ടറിയെ മാറ്റുന്നതിലൂടെ നടപ്പാക്കുന്നതെന്നും സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വൈസ് ചെയർമാൻ വി.പി. ഫിറോസ് ആണ് പ്രമേയം അവതരിപ്പിച്ചത്. കൗണ്‍സിലർ കണ്ണിയൻ അബൂബക്കർ പിന്തുണച്ചു. സെക്രട്ടറിയെ നിരന്തരം സ്ഥലംമാറ്റി നഗരസഭയെ ദ്രോഹിക്കുന്ന നടപടിക്കെതിരേ പ്രമേയത്തിലൂടെ കൗണ്‍സിൽ പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ വർഷം പദ്ധതി നടത്തിപ്പിൽ മുന്നിലെത്തുകയും കഴിഞ്ഞ ദിവസം ഐഎസ്ഒ അംഗീകാരം നേടുകയും ചെയ്തിട്ടും ജനദ്രോഹ നിലപാടിൽ നിന്ന് പിൻമാറാൻ സർക്കാർ തയാറായിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് വർഷത്തോളം സെക്രട്ടറിയുടെ ചുമതല മറ്റുള്ളവർക്കായിരുന്നു.
ഒരു സെക്രട്ടറി ചുമതല എടുത്ത് ഡിജിറ്റൽ സൈനും മറ്റു ലോഗിനുകളും ശരിയാക്കി വരാൻ മിനിമം ഒരാഴ്ച സമയം എടുക്കും. ഇതെല്ലാം ശരിയാക്കുന്പോഴേക്കും ഇവരെ സ്ഥലം മാറ്റുകയാണ്. ഈ ഭരണ സമിതിയുടെ കാലയളവിൽ 12 പേരാണ് സെക്രട്ടറിയുടെ ചുമതല വഹിച്ചത്. പലപ്പോഴും മുനിസിപ്പൽ എൻജിനിയർ സെക്രട്ടറിയുടെ കൂടി ചുമതല വഹിക്കുകയായിരുന്നു.
സെക്രട്ടറിയെ മാറ്റിയെങ്കിലും പകരം പുതിയ സെക്രട്ടറിയെ നിയമിച്ചിട്ടില്ല. പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തിയതോടെ വോട്ടിനിട്ട് പാസാക്കി. ചെയർപേഴ്സണ്‍ വി.എം. സുബൈദ അധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചരി, റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, എൻ.കെ. ഉമ്മർ ഹാജി, മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.