ബസിന് പിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരി മരിച്ചു
1595748
Monday, September 29, 2025 10:05 PM IST
മഞ്ചേരി: മഞ്ചേരിയ്ക്കടുത്ത് നറുകര ആലുക്കലിൽ കോളജ് ബസിന് പിറകിൽ സ്കൂട്ടർ ഇടിച്ച് യാത്രക്കാരി മരിച്ചു. മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയും രാമനാട്ടുകര സ്വദേശി സജീവന്റെ ഭാര്യയുമായ കൊച്ചിലത്ത് വീട്ടിൽ പ്രസന്ന (53) യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. നഗരസഭയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുക്കലിൽ യൂണിറ്റി കോളജിലേക്ക് പ്രവേശിക്കുന്ന റോഡിനടുത്താണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കോളജ് ബസിന് പിറകിലിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു. ഉടനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ 11ന് നഗരസഭയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.