ദേശീയപാതയിൽ ലോറിക്ക് പിറകിൽ കാറിടിച്ച് 12 കാരന് ദാരുണാന്ത്യം
1595486
Sunday, September 28, 2025 11:25 PM IST
തേഞ്ഞിപ്പലം: കോഹിനൂരിൽ ആറുവരി ദേശീയപാതയിലെ അരികിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. ഫറോക്ക് പെരുമുഖം സ്വദേശി കളത്തിങ്ങൽ വീട്ടിൽ ഇർഷാന്റെ മകൻ അഹമ്മദ് ഇഹ്സാൻ ആണ് മരിച്ചത്.
കോഹിനൂർ ലോറി താവളത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.30നായിരുന്നു അപകടം. പെരുമുഖത്ത് നിന്ന് പാലക്കലിലേക്ക് പോകുന്ന മാരുതി എർട്ടിഗ കാർ, നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന ബന്ധു മുഹമ്മദ് അഹ്ദഫ് ഉറങ്ങി പോയതോ വാഹനം ഡിവൈഡറിൽ നിയന്ത്രണം വിട്ടതോ ആകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അഹമ്മദ് ഇഹ്സാന്റെ മാതാവ് അടക്കം എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ ഒഴികെ ബാക്കിയെല്ലാവരും കുട്ടികളായിരുന്നു. പരിക്കേറ്റ മുഹമ്മദ് അഹ്ദഫ്, നുസ്റത്ത്, അഹമ്മദ് അമാൻ, ആയിഷ ഹാനിയ, മുഹമ്മദ് ഹായ്സണ് ബിൻ വാഹിദ്, മുഹമ്മദ് ഹംദാൻ, ഹംദ ഫാത്തിമ എന്നിവരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അഹമ്മദ് ഇഹ്സാന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.