15 പേർക്ക് വീട് നിർമിക്കാൻ മഞ്ചേരി നഗരസഭ ഫണ്ട് അനുവദിക്കും
1596276
Wednesday, October 1, 2025 8:14 AM IST
മഞ്ചേരി: അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട റവന്യുഭൂമി ലഭ്യമായ 15 പേർക്ക് വീട് നിർമിക്കാൻ നഗരസഭ ഫണ്ട് അനുവദിക്കും. ഇതിന് മുന്നോടിയായി ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ നഗരസഭയുമായി കരാർ വച്ചു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിതർക്ക് പുൽപ്പറ്റ വില്ലേജിൽ റവന്യുവകുപ്പ് ഭൂമി പതിച്ച് നൽകിയിരുന്നു. ഇവർക്ക് ലൈഫ് പദ്ധതി പ്രകാരം മറ്റുതദ്ദേശ സ്ഥാപനങ്ങളിൽ ഭൂമിയുള്ള ഗുണഭോക്താക്കൾക്ക് ഭവന നിർമാണ ആനുകൂല്യം നൽകൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് ലക്ഷം രൂപം വീതം നൽകുക. ഒരു ലക്ഷം രൂപ ലൈഫ് മിഷനും നൽകും.
പുൽപ്പറ്റ വില്ലേജിലെ സർവേ നന്പർ 366 ലെ 1.80 ഏക്കർ ഭൂമിയാണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അതിദരിദ്ര വിഭാഗത്തിൽ ഉൾപ്പെട്ട 33 കുടുംബങ്ങൾക്ക് പതിച്ചു നൽകി പട്ടയം കൊടുത്തത്. നാല് സെന്റാണ് ഒരു ഗുണഭോക്താവിന് ലഭിക്കുക. റവന്യൂ ഉടമസ്ഥതയിലുള്ള 60 സെന്റ് ഭൂമി പുൽപ്പറ്റ ഗ്രാമപഞ്ചായത്തിന് വിട്ടു നൽകി പകരം പഞ്ചായത്തിന്റെ അധീനതയിലുള്ള 1.80 ഏക്കർ ഭൂമി ഇതിനായി അനുവദിക്കുകയായിരുന്നു. മഞ്ചേരി നഗരസഭയിൽ നിന്ന് 15 പേരാണ് പട്ടികയിലുണ്ടായിരുന്നത്. വീട് നിർമാണത്തിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സണ് വി.എം. സുബൈദ പറഞ്ഞു.