പ്രസന്നക്ക് കണ്ണീരോടെ വിട നൽകി സഹപ്രവർത്തകർ
1596286
Wednesday, October 1, 2025 8:14 AM IST
മഞ്ചേരി: കോളജ് ബസിന് പിറകിൽ സ്കൂട്ടറിടിച്ച് മരിച്ച മഞ്ചേരി നഗരസഭ ജീവനക്കാരിക്ക് കണ്ണീരോടെ വിട നൽകി സഹപ്രവർത്തകർ. അപ്രതീക്ഷിത വിയോഗം ജീവനക്കാരെ തളർത്തി. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരിയും രാമനാട്ടുകര സ്വദേശി സജീവന്റെ ഭാര്യയുമായ കൊച്ചിലത്ത് വീട്ടിൽ പ്രസന്ന(53) യാണ് മരിച്ചത്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നരയോടെ നഗരസഭയിൽ പൊതുദർശനത്തിന് വച്ചു. കൗണ്‍സിലർമാരും ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. ചെയർപേഴ്സണ്‍ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി, മുനിസിപ്പൽ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, സ്ഥിരംസമിതി അധ്യക്ഷർ, കൗണ്‍സിലർമാർ, ജീവനക്കാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നോടെയാണ് നഗരസഭയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ആലുക്കലിൽ യൂണിറ്റി കോളജിലേക്ക് പ്രവേശിക്കുന്ന റോഡിനടുത്ത് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന കോളജ് ബസിന് പിറകിലിടിച്ചാണ് അപകടം. മൃതദേഹം വൈദ്യരങ്ങാടിയിലെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.