ട്രഞ്ചിംഗ് ഗ്രൗണ്ട് പഴങ്കഥയായി : മാലിന്യക്കൂനയില്ലാത്ത മലപ്പുറം യാഥാർഥ്യമാകുന്നു
1595663
Monday, September 29, 2025 5:48 AM IST
മലപ്പുറം: മലപ്പുറം പുളിയേറ്റുമ്മൽ പ്രദേശത്തുകാർക്ക് തീരാദുരിതം സമ്മാനിച്ച ട്രഞ്ചിംഗ് ഗ്രൗണ്ട് പൂവാടിയാകാനൊരുങ്ങുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരമാണ് മലപ്പുറം നഗരസഭയിലെ അഞ്ചേക്കർ വരുന്ന പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് മാലിന്യമുക്തമാക്കിയത്.
ലോക ബാങ്കിന്റെയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെയും സാന്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ ഇരുപത് നഗരഭരണ പ്രദേശങ്ങളിലാണ് മാലിന്യ കൂനകൾ നീക്കം ചെയ്ത് ഭൂമി തിരിച്ചെടുക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഇത്തരത്തിൽ ആദ്യമായി പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നത് മലപ്പുറം നഗരസഭയ്ക്ക് അഭിമാനകരമായ നേട്ടമാണ്.
ആധുനിക സൗകര്യങ്ങളോടു കൂടിയ കണ്വൻഷൻ സെന്റർ, കോർട്ട്, ടർഫ് ഗ്രൗണ്ട്, പാർക്ക്, ഓപ്പണ് ജിം ഉൾപ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. അതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.
മലപ്പുറം നഗരസഭാ പ്രദേശത്ത് നിന്ന് ശേഖരിച്ച മാലിന്യങ്ങൾ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. മാലിന്യനിക്ഷേപം നിർത്തിവച്ചിട്ടും സമീപവാസികൾക്കിത് ദുരിതമായി തുടർന്നു. ഈ സാഹചര്യത്തിലാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ തുടങ്ങിയത്. നാലടി താഴ്ചയിൽ മാലിന്യങ്ങൾ കുഴിച്ചെടുക്കുക എന്ന ജോലി ഏറെ ശ്രമകരമായിരുന്നു. 10800 മെട്രിക് ക്യൂബ് മാലിന്യമാണ് പുറത്തെടുത്ത് വേർതിരിച്ചത്.
കന്പി, മണൽ, കല്ല് തുടങ്ങി വിവിധ വസ്തുക്കൾ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് വേർതിരിച്ചു. വേർതിരിച്ച വസ്തുക്കൾ ഫാക്ടറികളിലേക്കും നിർമാണ മേഖലയിലേക്കും സുരക്ഷിതമായി എത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യം സിമന്റ് ഫാക്ടറികളിലെ ഫർണസുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
ഇത്തരത്തിലാണ് ശാസ്ത്രീയമായ മാലിന്യസംസ്കരണ പ്രക്രിയ പൂർത്തീകരിക്കുന്നത്. മാലിന്യമുക്തമാക്കി തിരിച്ചുപിടിച്ച ഭൂമി നിരപ്പാക്കുക കൂടി ചെയ്തതോടെ ഏത് തരം വികസന പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ പഴയ ട്രഞ്ചിംഗ് ഗ്രൗണ്ട് മാറിക്കഴിഞ്ഞു. പ്രദേശത്തെ കിണറുകളിലെല്ലാം ഇപ്പോൾ ശുദ്ധജലമാണെന്ന് പരിസരവാസികൾ പറയുന്നു. ഇരുപത് സ്ഥലങ്ങളിലും പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്ത് ആദ്യമായി ഡംപ് സൈറ്റുകൾ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.
സംസ്ഥാനത്ത് ആദ്യമായി പദ്ധതി പൂർത്തിയാക്കിയ മലപ്പുറം നഗരസഭയിലെ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടാണ് സംസ്ഥാനതല പ്രഖ്യാപനത്തിന് വേദിയാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ പതിനൊന്നിന് രാവിലെ പത്തിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
ഇ.ടി. മുഹമ്മദ് ബഷീർ എംപി, എംഎൽമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി. ഉബൈദുള്ള, കെഎസ്ഡബ്ല്യുഎംപി സംസ്ഥാന ഡയറക്ടർ ദിവ്യ.എസ്. അയ്യർ തുടങ്ങിയവർ പങ്കെടുക്കും. മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ബീന സണ്ണി ഉൾപ്പെടെ കാന്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ കഴിഞ്ഞ ദിവസം പുളിയേറ്റുമ്മൽ പ്രദേശം സന്ദർശിച്ചു.