സുതാര്യതയും കണിശതയും സി.എച്ചിന്റെ മുഖമുദ്ര: പി.കെ. കുഞ്ഞാലിക്കുട്ടി
1595669
Monday, September 29, 2025 5:48 AM IST
തേഞ്ഞിപ്പലം: സി.എച്ചിന്റെ പാതയിൽ സഞ്ചരിച്ചത് കൊണ്ടാണ് ഭരണഘടന പ്രതിസന്ധി നേരിടുന്ന ഇക്കാലത്തും കേരളത്തിലെ മുസ്ലിങ്ങൾക്ക് അഭിമാനകരമായി ജീവിക്കാൻ കഴിയുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയർ ഫോർ സ്റ്റഡീസ് ഓണ്‍ ഡെവലപിംഗ് സൊസൈറ്റീസ് സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാറിൽ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യതയും കണിശതയുമായിരുന്നു സി.എച്ചിന്റെ മുഖമുദ്രയെന്നും അത് വഴിയാണ് പൊതുസമൂഹത്തിന് മുന്നിൽ തലയുയർത്തി നിൽക്കാൻ മുസ്ലിം സമുദായത്തിന് പ്രാപ്തിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സി.എച്ച് ഒരു നവോഥാന പുരുഷനായിരുന്നുവെന്ന് ഡോ.എം.പി. അബ്ദുസമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിർവഹിച്ച് പറഞ്ഞു. ലോകത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മാനവികതയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചർച്ചയിൽ സംസാരിച്ച ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആകാർ പട്ടേലൽ ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ ആഴം തുറന്നു കാട്ടി.
സി.എച്ച് തുടങ്ങിവച്ച വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലമാണ് ഇന്ന് മുസ്ലിം സമുദായത്തിനുണ്ടായ പുരോഗതിയെന്ന് സമാപന സമ്മേളനത്തിൽ സംസാരിച്ച മുൻ എംഎൽഎ കെ.എസ്. ശബരീനാഥ് പറഞ്ഞു. മതേതരത്വത്തിനെതിരേയും ഫെഡറലിസത്തിനെതിരേയുമുള്ള ആക്രമമാണ് മോദി സർക്കാർ നടത്തുന്നത്.
ദക്ഷിണേന്ത്യക്കാരെ ഭൂമിശാസ്ത്ര ന്യൂനപക്ഷങ്ങളാക്കാനാണ് മോദി ശ്രമിക്കുന്നതെന്നും പോക്കർ സാഹിബിനെ പോലുള്ള ധിഷണാശാലികളായ നേതാക്കൾ ഭരണഘടന അസംബ്ലിയിൽ ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ജനറൽ കണ്‍വീനർ സി.കെ. സുബൈർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് മെന്പർ ടി.പി.എം. ബഷീർ സ്വാഗതവും ഡോ.മുജീബ് റഹ്മാൻ നന്ദയും പറഞ്ഞു.