മലങ്കര സുറിയാനി കത്തോലിക്ക സഭ ആരാധനക്രമ വർഷമായി ആചരിക്കുന്നു
1595670
Monday, September 29, 2025 5:48 AM IST
കരുവാരകുണ്ട്: മലങ്കര സുറിയാനി കത്തോലിക്കസഭ 2030ൽ പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി 20 മുതൽ 2026 സെപ്റ്റംബർ 19 വരെ ആരാധനക്രമ വർഷമായി ആചരിക്കുന്നു. ഇതിന്റെ സഭാതല ഉദ്ഘാടനം പത്തനംതിട്ട രൂപതയിൽ അടൂരിൽ തൊണ്ണൂറ്റി അഞ്ചാം പുനരൈക്യ വാർഷിക ആഘോഷ വേദിയിൽ നടത്തപ്പെട്ടു.
അതിന്റെ തുടർച്ചയായി കരുവാരകുണ്ട് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഫാ. ജോബ് ജോർജ് പുതുപറന്പിലിന്റെ നേതൃത്വത്തിൽ ആരാധനക്രമ വർഷത്തിന്റെ ഭാഗമായി വിശുദ്ധ കുരിശ് പ്രതിഷ്ഠയും കൂദാശകളെ പ്രതിനിധീകരിച്ച് ഇടവകയിലെ ഭക്തസംഘടനകളുടെ യൂണിറ്റ് രൂപത ഭാരവാഹികൾ, പള്ളികമ്മിറ്റി അംഗങ്ങൾ എന്നിവർ തിരിതെളിയിക്കുകയും ചെയ്തു.
തുടർന്ന് വചനപ്രഘോഷണവും ആരാധനക്രമ വർഷ പ്രാർഥനയും ആഘോഷമായ വിശുദ്ധ കുർബാനയും അർപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴിന് ഇടവകയിലെ ഭവനങ്ങളിൽ സന്ധ്യാപ്രാർഥനയോടൊപ്പം ആരാധനക്രമ വർഷ പ്രാർഥനയും നടന്നു.