ഫുട്ട് ഓവർബ്രിഡ്ജുകളുടെ നിർമാണം വേഗമാക്കണം: വൈഎംസിഎ
1596769
Saturday, October 4, 2025 5:09 AM IST
തേഞ്ഞിപ്പലം : കാലിക്കട്ട് യൂണിവേഴ്സിറ്റി ഹെഡ് ക്വാർട്ടേഴ്സിന് സമീപത്ത് കൂടിയുള്ള ഫുട്ട് ഓവർബ്രിഡ്ജുകളുടെ നിർമാണം ത്വരിതഗതിയിലാക്കണമെന്ന് തേഞ്ഞിപ്പലം വൈഎംസിഎ,
ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടു. കോഹിനൂരും മെയിൻ ഗേറ്റിന് മുന്നിലും ഫൂട്ട് ഓവർ ബ്രിഡ്ജ് പണിയാനാവശ്യമായ സ്ഥലം കാലിക്കട്ട് യൂണിവേഴ്സിറ്റി അനുവദിക്കുകയും ദേശീയപാത 66 ന്റെ പ്രവൃത്തി പൂർത്തിയാകാൻ പോവുകയുമാണ്.
അതിനാൽ മേൽപറഞ്ഞ രണ്ട് സ്ഥലങ്ങളിലെ ഫൂട്ട് ഓവർബ്രിഡ്ജുകളുടെ പ്രവൃത്തി വേഗമാക്കണം. ഇതോടൊപ്പം തൃശൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കും യൂണിവേഴ്സിറ്റിയിലേക്ക് വരുന്ന വിദ്യാർഥികൾക്കും കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർക്കും സൗകര്യപ്രദമായി കോഹിനൂർ ടീച്ചേഴ്സ് ഹോസ്റ്റലിന് മുന്നിലായി ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് എക്സിറ്റും ചെട്ടിയാർമാട്ടിൽ നിന്ന് ഹൈവേയിലേക്ക് എൻട്രിയും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയപാത പ്രൊജക്ട് ഡയറക്ടർക്ക് വൈഎംസിഎ കത്തയച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.എൽ.ആന്റണി അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി. അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറി അലോഷ്യസ് ആന്റണി, ട്രഷറർ ഒ. മത്തായി എന്നിവർ പ്രസംഗിച്ചു.