പ്രതിഷേധം ഫലം കണ്ടു; വട്ടമലയിൽ ക്രാഷ് ബാരിയർ നിർമാണം തുടങ്ങി
1596766
Saturday, October 4, 2025 5:09 AM IST
കരുവാരകുണ്ട്:ഏറെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ വട്ടമലയിൽ ക്രാഷ് ബാരിയർ നിർമാണം ആരംഭിച്ചു. വട്ടമലയിലെ കുത്തനെയുള്ള ഇറക്കത്തിൽ റോഡിന്റെ വശത്തോട് ചേർന്നാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്.
കരുവാരകുണ്ട് ഭാഗത്ത് നിന്ന് മണ്ണാർക്കാട്, പാലക്കാട് ഭാഗത്തേക്ക് എടത്തനാട്ടുകര വഴി ദൂരം കുറഞ്ഞ റോഡാണിത്. വട്ടമല റോഡ് വനമേഖലയോട് ചേർന്നുള്ള ഭാഗം കുത്തനെയുള്ള കയറ്റമാണ്. ഇവിടെ അപകടങ്ങൾ പതിവാണ്. അടുത്തിടെയായി മൂന്നുപേർ അപകടങ്ങളിൽ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വട്ടമലയിലെ കുത്തനെയുള്ള ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട് വാഹനങ്ങൾ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടങ്ങൾ സംഭവിച്ചിരുന്നത്. ഇവിടെ ക്രാഷ് ബാരിയർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. പ്രദേശവാസികൾ താൽക്കാലിക ബാരിക്കേഡും മുന്നറിയിപ്പ് ബോഡും സ്ഥാപിച്ചിരുന്നു.
സ്ഥിരമായ നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എ.പി.അനിൽകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയിട്ടും കരാറുകാരൻ പണി വൈകിപ്പിക്കുന്നുവെന്നായിരുന്നു നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം കനത്തത്തോടെയാണ് ക്രാഷ് ബാരിയർ നിർമാണം ആരംഭിച്ചത്.