പാചക വാതക വിതരണം: അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ ഡെലിവറി ചാർജ് ഈടാക്കരുത്
1596763
Saturday, October 4, 2025 5:09 AM IST
മലപ്പുറം: പാചക വാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കുന്നതിനായി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു.
ഗ്യാസ് ഏജൻസി ഷോറൂം പോയിന്റിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂര പരിധിയിൽ ഡെലിവറി ചാർജ് ഈടാക്കാതെ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഗ്യാസ് ഏജൻസി ഡീലർമാർക്ക് നിർദേശം നൽകി. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടാൽ കർശന നടപടി സ്വീകരിക്കും. ഉപഭോക്താക്കൾക്ക് തൂക്കം ബോധ്യപ്പെടാൻ വിതരണ വാഹനത്തിൽ അളവ് തൂക്ക മെഷീൻ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് കളക്ടർ പറഞ്ഞു.
സിലിണ്ടർ ഇൻഷ്വറൻസ് തുക വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ഉന്നയിച്ച പരാതിയിൽ ഓയിൽ കന്പനികളുടെ ഗോഡൗണുകളിലും വിതരണ ഓഫീസുകളിലും ഇൻഷ്വറൻസ് തുക ഈടാക്കുന്നതടക്കമുള്ള വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു.
ചടങ്ങിൽ പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ് താലൂക്ക് സപ്ലൈ ഓഫീസർമാർ, ഓയിൽ കന്പനി പ്രതിനിധികൾ, ഗ്യാസ് ഏജൻസി പ്രതിനിധികൾ, കണ്‍സ്യൂമർ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.