പണിയെടുക്കാൻ കർഷകർ; വിളവെടുക്കാൻ കാട്ടാനകൾ
1596760
Saturday, October 4, 2025 5:09 AM IST
തോമസ്കുട്ടി ചാലിയാർ
നിലന്പൂർ: കാട്ടാനകളുടെ ശല്യം കാരണം പൊറുതിമുട്ടി മലയോര മേഖലയിലെ കർഷകർ. നിത്യവും കൃഷി നശിപ്പിക്കുകയാണ് കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ. വനംവകുപ്പിന്റെ നിസംഗതയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ. കഷ്ടപ്പെട്ട് ചെയ്യുന്ന കൃഷികൾ കാട്ടാനകൾ ഒന്നടങ്കം നശിപ്പിക്കുന്നു. നിലന്പൂർ, ഏറനാട് മണ്ഡലങ്ങളിലെ മലയോര ഗ്രാമങ്ങളിലെ സ്ഥിതിയിതാണ്.
മൂന്ന് ദിവസങ്ങൾ കൊണ്ട് ചാലിയാർ പഞ്ചായത്തിലെ പെരുന്പത്തൂർ തീക്കടി സ്വദേശിയായ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ആയിരത്തിലധികം നേന്ത്രവാഴകളാണ് കാട്ടാന ചവിട്ടി നശിപ്പിച്ചത്.
ഒരു വർഷത്തെ തന്റെ അധ്വാനമെല്ലാം കാട്ടാനകൾ നശിപ്പിച്ചപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സുബ്രഹ്മണ്യൻ. വനം വകുപ്പിന്റെ ഇടപെടലുകൾ ഫലം കാണാതെ വരികയാണ്. കർഷകന്റെ ഭൂമിയിൽ വന്യമൃഗങ്ങളുടെ വിളയാട്ടമാണ് നടക്കുന്നത്. മാസങ്ങളോളം പരിപാലിച്ച് വളർത്തിയ കാർഷിക വിളകൾ ഒറ്റ രാത്രിയിലാണ് കാട്ടാനകൾ നശിപ്പിക്കുന്നത്.
ചാലിയാർ പഞ്ചായത്തിലെ മതിൽമൂലയിലെ മുല്ലേരി സുബ്രഹ്മണ്യന്റെ വാഴത്തോട്ടം കഴിഞ്ഞദിവസം വരെ പച്ചപ്പിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ കൃഷിയിടത്തിൽ ഒന്നുമില്ലാത്ത അവസ്ഥയാണ്. ആയിരത്തിലധികം വാഴകളാണ് ഒറ്റയടിക്ക് കാട്ടാനകൾ നശിപ്പിച്ചത്. ആദ്യം 800ലധികവും പിന്നീട് ബാക്കിവന്ന വാഴകളും നശിപ്പിച്ചു. സോളാർ വൈദ്യുതവേലിയും കാവൽപുരയും തകർത്താണ് കാട്ടാനകൾ തോട്ടത്തിലേക്ക് കയറിയത്.
അകന്പാടം എരുമമുണ്ട റോഡിനോട് ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനകളുടെ വിളയാട്ടം. കഴിഞ്ഞ ദിവസംനന്പൂരിപൊട്ടി ദുഅ കോളജിന്റെ തെങ്ങിൻതോട്ടത്തിൽ കായ്ഫലം നിറഞ്ഞ 20ലധികം തെങ്ങുകളും നിരവധി വാഴകളും കാട്ടാനകൾ നശിപ്പിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ചാലിയാർ പഞ്ചായത്തിൽ മാത്രം 25 ലക്ഷത്തിലധികം രൂപയുടെ കൃഷിയാണ് നശിപ്പിച്ചത്. ഒറ്റയാൻ ഉൾപ്പെടെ എട്ടിലധികം ആനകളാണ് പ്രദേശത്ത് കാണപ്പെടുന്നത്.
വനം വകുപ്പും പഞ്ചായത്തുകളും ചേർന്ന് വന്യമൃഗശല്യം തടയാൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഉപകാരപ്പെടുന്നില്ല. വനം വകുപ്പിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.