അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വച്ചാൽ നടപടി
1596770
Saturday, October 4, 2025 5:17 AM IST
മലപ്പുറം: ജില്ലാ ഭക്ഷ്യ വിജിലൻസ് യോഗം കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്നു. അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശംവച്ചിട്ടുള്ള ആളുകൾ അടിയന്തരമായി കാർഡുകൾ അതത് താലൂക്ക് സപ്ലൈ ഓഫീസർ മുന്പാകെ ഹാജരാക്കി മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാകണമെന്ന് കളക്ടർ പറഞ്ഞു. ഇല്ലെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കും.
പുതുതായി ജോലിയിൽ പ്രവേശിച്ച സർക്കാർ ജീവനക്കാർ അവരുടെ റേഷൻ കാർഡുകൾ മേലധികാരി മുന്പാകെ ഹാജരാക്കണം. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിൽ അല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ അടുത്ത മാസത്തെ ശന്പളം നൽകാവൂവെന്നും കളക്ടർ നിർദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ ഫീൽഡ് പരിശോധനകൾ ഉൗർജിതമാക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി.
റേഷൻ കടകളുമായി ബന്ധപ്പെട്ട ഗുണനിലവാര പ്രശ്നങ്ങൾ ഗൗരവമായി കാണണമെന്നും ഗുണനിലവാരം പരിശോധിക്കുന്നതിനായി ഓരോ മാസവും ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
മട്ട അരിയിൽ വെള്ള അരി കാണുന്നുവെന്ന പരാതി ഉയരുന്നുണ്ട്. മട്ട അരിയിലെ ഫോർട്ടിഫൈഡ് അരിയാണ് വെള്ള അരി. ഇത് കളയരുതെന്നും പോഷക സന്പുഷ്ടമാണെന്ന് ആളുകളെ ബോധവത്ക്കരിക്കണമെന്നും കളക്ടർ പറഞ്ഞു. കെ സ്റ്റോർ തുടങ്ങുന്നതിന് ആവശ്യമായ പ്രൊപ്പോസൽ താലൂക്ക് സപ്ലൈ ഓഫീസർമാർ തരുന്ന മുറയ്ക്ക് അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എ. സജാദ് അറിയിച്ചു.
പൊതുവിതരണ വകുപ്പിന്റെ ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ 18004251125 എന്ന ടോൾ ഫ്രീ നന്പറിൽ അറിയിക്കണം. യോഗത്തിൽ താലൂക്ക് സപ്ലൈ ഓഫിസർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.