തിരൂർക്കാട്-ആനക്കയം റോഡ് നവീകരിക്കണമെന്നാവശ്യം ശക്തമാകുന്നു
1596761
Saturday, October 4, 2025 5:09 AM IST
മങ്കട: തിരൂർക്കാട്-ആനക്കയം സംസ്ഥാനപാതയിലെ തിരൂർക്കാട് മുതൽ തകർച്ച നേരിടുന്ന റോഡ് അനുകൂല കാലാവസ്ഥയായിട്ടും പൊതുമരാമത്ത് വകുപ്പ് ചെറിയ കുഴികൾ അടക്കുകയും വലിയ കുഴികളിൽ ക്വാറി വേസ്റ്റ് നിറക്കുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കുന്നതായി പരാതി.
14 വർഷമായി റോഡ് റീ ടാറിംഗ് നടത്തിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 98 ലക്ഷം രൂപ അനുവദിച്ചതിൽ നാമമാത്രമായ കുഴികളടച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് ചെയ്തത്. മിക്കയിടങ്ങളിലും വലിയ കുഴികൾ ഒന്നും ചെയ്യാതെ ചെറിയ കുഴികൾ അടക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതുപോലെ കുഴിയടച്ചെങ്കിലും ഒരു വർഷം തികയുന്നതിന് മുന്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു.
2007-2008 കാലയളവിൽ കേന്ദ്രമന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ കാലത്ത് കേന്ദ്രഫണ്ടുപയോഗിച്ച് 5.5 മീറ്ററുണ്ടായിരുന്ന റോഡ് ഏഴ് മീറ്ററാക്കിയിരുന്നു. പിന്നീട് കുണ്ടും കുഴിയും നികത്തുന്നതല്ലാതെ മറ്റു പ്രവൃത്തികൾ നടന്നിട്ടില്ല. വർഷം തോറും ബജറ്റിൽ ടോക്കണ് പ്രവിഷൻ അനുവദിക്കാറുണ്ടെങ്കിലും ഫണ്ട് ലഭ്യമായിട്ടില്ല.
പെരിന്തൽമണ്ണ- മഞ്ചേരി റോഡിലെ തിരൂർക്കാട് -ആനക്കയം റോഡ് 14.60 കിലോമീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള റോഡാണ്. ദേശീയപാത 966 നെയും തിരൂർ- മഞ്ചേരി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിലൂടെ മലയോര മേഖലയായ അരീക്കോട് -കൊയിലാണ്ടി, തൃശൂർ -താമരശേരി വഴി ഓടുന്ന നിരവധി ദീർഘദൂര ബസുകൾ കടന്നുപോകുന്ന റൂട്ടുമാണ്.
തിരൂർക്കാട് -ആനക്കയം റോഡിന്റെ ഉപരിതലം ബിഎം ആൻഡ് ബിസി ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ വീതി കൂട്ടുകയും കയറ്റിറക്കങ്ങൾ കുറച്ചും നവീകരിക്കാനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.