കോൺഗ്രസ് മുൻ ബ്ലോക്ക് ഭാരവാഹികൾക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകണമെന്ന്
1395942
Tuesday, February 27, 2024 7:36 AM IST
കണ്ണൂർ: പാർട്ടി തീരുമാനപ്രകാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്ക് പാർട്ടിയിൽ അർഹമായ ഭാരവാഹിത്വം നൽകണമെന്ന് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് എഐസിസിക്കും കെപിസിസിക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
ദീർഘകാലം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന പ്രസിഡന്റുമാർ സ്ഥാനമൊഴിഞ്ഞിട്ട് ഒരു വർഷമാകാറായിട്ടും പാർട്ടിയിൽ ഒരു സ്ഥാനവും നൽകിയിട്ടില്ലെന്ന സാഹചര്യത്തിലാണ് നിവേദനം നൽകാൻ തീരുമാനിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മറ്റ് നേതാക്കൾ എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
യോഗത്തിന് എം.ഒ. മാധവൻ അധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, കാപ്പാടൻ ശശിധരൻ, എം.വി. രവീന്ദ്രൻ, സണ്ണി മേച്ചേരി, കെ.കെ. ജയരാജൻ, പുതുക്കുടി ശ്രീധരൻ, സുരേഷ് ചാലാറത്ത്, വി.സി. നാരായണൻ, ടി.കെ. ഗോപിനാഥ്, കെ.എം. ശിവദാസൻ, ദേവസ്യ പാലപ്പുറം എന്നിവർ പ്രസംഗിച്ചു. നേതൃത്വത്തെ ബന്ധപ്പെടാനായി എം.ഒ. മാധവനെ ചെയർമാനായും കാപ്പാടൻ ശശിധരനെ കൺവീനറായും യോഗം ചുമതലപ്പെടുത്തി.