തീര്‍ഥാടകര്‍ തെന്നിവീണു; ശബരിമല നീലിമല പാത അടച്ചു
1577585
Monday, July 21, 2025 3:49 AM IST
പത്തനംതിട്ട: പമ്പ - സന്നിധാനം പരമ്പരാഗത പാതയില്‍ നീലിമലയില്‍ നിരവധി തീര്‍ഥാടകര്‍ തെന്നിവീണു പരിക്കേറ്റതോടെ പാത അടച്ചു. ഇതോടെ സ്വാമി അയ്യപ്പന് റോഡിലൂടെയാണ് തീര്‍ഥാടകര്‍ മലകയറുകയും ഇറങ്ങുകയും ചെയ്യുന്നത്. തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം ദര്‍ശനം കഴിഞ്ഞ് നിലിമലയിറങ്ങിയ ഇതര സംസ്ഥാനക്കാരായ 15 തീര്‍ഥാടകര്‍ക്ക് വീണു പരിക്കേറ്റിരുന്നു. കൂടുതല്‍ പേര്‍ക്കും കൈകാലുകള്‍ക്കും തലയ്ക്കുമാണ് പരിക്കേറ്റത്. ഇവര്‍ പമ്പ, പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം അവരവരുടെ നാടുകളിലക്ക് പോയി. കര്‍ക്കടക മാസ പൂജയ്ക്ക് നട തുറന്നതു മുതല്‍ തീര്‍ഥാടകരെ നീലിമല പാതയിലൂടെയാണ് കടത്തിവിട്ടത്.
എന്നാല്‍ മഴ ശക്തമായതിനു പിന്നാലെ പാതയില്‍ വഴുക്കല്‍ രൂക്ഷമാകുകയും ആളുകള്‍ അപകടത്തില്‍പെടാനും തുടങ്ങി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പമ്പ പോലീസ് എത്തിയാണ് നീലിമല പാത അടച്ചത്. മിഥുനമാസ പൂജയ്ക്ക് നടതുറന്നപ്പോളും തീര്‍ഥാടകര്‍ക്ക് തെന്നിവീണു പരിക്കേറ്റിരുന്നു.
തെന്നിവീഴുന്നത് ഒഴിവാക്കാന്‍ പാതയില്‍ പാകിയിരിക്കുന്ന കരിങ്കല്ല് പരുക്കന്‍ ആക്കുന്ന പണി അടിയന്തരമായി നടത്തിയ ശേഷമേ പാത തുറന്നു കൊടുക്കുകയുള്ളൂവെന്ന് കഴിഞ്ഞമാസം ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നതാണ്. പണി നടത്താതെ പാത തുറന്നതാണ് വീണ്ടും അപകടത്തിന് ഇടയാക്കിയത്.