മരമടി ആവേശം കൈവിടാതെ ആനന്ദപ്പള്ളി; അനുമതി വേണമെന്ന ആവശ്യവുമായി കർഷക സമിതി
1578137
Wednesday, July 23, 2025 3:26 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഉൽസവമായിരുന്ന ആനന്ദപ്പള്ളി മരമടി മുടങ്ങിയിട്ട് 17 വർഷമായെങ്കിലും പ്രദേശവാസികളുടെ ആവേശം കെട്ടടങ്ങിയിട്ടില്ല. മരമടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് ആനന്ദപ്പള്ളി ഗ്രാമവാസികൾ. ചേറ്റുകണ്ടത്തിൽ കാളക്കൂറ്റൻമാർ നുകം കെട്ടി പായുന്ന കാഴ്ച കാണാൻ കർഷകരും വിദേശ ടൂറിസ്റ്റുകളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും അവയെ ഉപയോഗിച്ചുള്ള ഓട്ടമത്സരങ്ങൾ പാടില്ലെന്നുമുള്ള നിർദേശങ്ങളുണ്ടായതിനു പിന്നാലെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചപ്പോഴാണ് 60 വർഷമായി നടന്നു വന്ന പരമ്പരാഗത കാർഷിക ഉത്സവമായ ആനന്ദപ്പള്ളി മരമടി ഉത്സവത്തിനും തിരശീല വീണത്.
ചിങ്ങക്കൊയ്ത്ത് കഴിഞ്ഞ് ഓഗസ്റ്റ് 15 നാണ് മരമടി നടത്തിയിരുന്നത്. അടൂർ പുതുവീട്ടിൽ പടി ഏലാ കേന്ദ്രീകരിച്ച് 1950 ലാണ് മരമടി ഉത്സവം ആരംഭിച്ചത്. പിന്നീട് അമ്പിയിൽ ഏലായിലേക്ക് എത്തി. അവിടത്തെ സ്ഥലപരിമിതി കാരണം ആനന്ദപ്പള്ളിയിൽ കർഷക സമിതി രൂപീകരിച്ച് മരമടി ഏറ്റെടുത്തു. 1986ലാണ് ആനന്ദപ്പള്ളി പാലശേരി ഏലായിൽ മരമടി ഉത്സവം ആരംഭിച്ചത്.
കാർഷിക സംസ്കാരത്തിന്റെ പുനർജ്ജനി
കൃഷിയിലുള്ള ആവേശം കെട്ടടങ്ങരുതെന്ന സന്ദേശമാണ് മരമടിയിലൂടെ കർഷകർ മുന്നോട്ടുവച്ചിരുന്നതെന്ന് കർഷക സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ആനന്ദപ്പള്ളിയിലെ കർഷകരുടെ ആവേശമായിരുന്നു ഉത്സവം. ഏലാകളെ സജീവമാക്കുന്നതിനും ഉഴവുകാളകളെ സംരക്ഷിക്കുന്നതിനും മരമടി വഴിതെളിച്ചിരുന്നു.
മരമടിയിൽ പങ്കെടുക്കുന്ന ഉരുക്കളുടെ വിജയം തങ്ങളുടെ വിജയമായി കർഷകർ കണക്കാക്കുന്നു. 2008 ലാണ് ആനന്ദപ്പള്ളി മരമടി നിലച്ചത്. മരമടിയെ സ്നേഹിക്കുന്ന ആയിരങ്ങളെ ഇതു നിരാശയിലാക്കി . നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച 2017 മുതൽ ഉത്സവം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആനന്ദപ്പള്ളി കർഷക സമിതിയും രംഗത്തുണ്ട്.
ആരും അറിയാത്ത പ്രയത്നങ്ങളും കഷ്ടപ്പാടുകളുമാണ് ഈ ഉത്സവത്തിന്റെ പിന്നിലുള്ളത്. അനേകം മനുഷ്യരുടെ കഠിനാധ്വാനവും അതിലേറെ സാമ്പത്തിക പ്രശ്നങ്ങളും ഇതിലുണ്ട്. മരമടിക്ക് മുന്നോടിയായി പാടം ഉഴുതുമറിച്ച് വൃത്തിയാക്കണം. ഉരുക്കളെ പോഷകാഹാരം നൽകി വളർത്തിക്കൊണ്ടുവരണം.
ലക്ഷണമൊത്ത ഒരു ജോടി ഉരുക്കൾക്കു ലക്ഷങ്ങളാണ് ഇപ്പോൾ വില. ഇവയെ വാങ്ങാൻ കേരളം വിട്ട് പോക്ടിയും വരുന്നു. ഉരുക്കൾക്ക് ചിട്ടയായ ആഹാര രീതിയും തരപ്പെടുത്തേണ്ടതുണ്ട്. ഒരു മാസം മുൻപ് പ്രത്യേക പരിശീലനവും ആഹാരവും നൽകിത്തുടങ്ങണം. ഉരുക്കൾക്ക് ഒപ്പം ഓടുന്നവരെ പണം കൊടുത്ത് ബുക്ക് ചെയ്യണം. ഇങ്ങനെ വൻ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെങ്കിലും കർഷകർക്ക് ഇത് ഒരു ആവേശമായിരുന്നു.
മൃഗ പീഡനം മരമടിയിൽ ഇല്ല
മൃഗപീഡനമാണ് ഇവിടെ നടക്കുന്നതെന്നുള്ള വാദം കർഷകർ നിഷേധിക്കുന്നു. ഉരുക്കളുടെ. ആരോഗ്യ സംരക്ഷണത്തിനും ഊർജ്ജത്തിനും അങ്ങാടി മരുന്ന്, പാൽ, മുതിര, മുട്ട, അരിക്കഞ്ഞി, കരിക്ക്, ബാർലി, കടല, പരുത്തിപ്പിണ്ണാക്ക് തുടങ്ങിയവയാണ് നൽകുന്നത്.
ശരീര നൊമ്പരമുണ്ടാകാതിരിക്കാൻ ഉലുവ വേവിച്ച് കരിപ്പെട്ടിയിൽ കലർത്തിയും നൽകും. സുഖ ചികിത്സയുടെ ഭാഗമായി ശരീരശുദ്ധി വരുത്താൻ രാവിലെയും വൈകുന്നേരവും ആദ്യം വൈക്കോലും പിന്നീട് സോപ്പും തേച്ച് കുളിയുണ്ട്. മത്സര ദിവസത്തിന്റെ തലേന്ന് ക്ഷീണം ഉണ്ടാകാതിരിക്കാൻ ദശമൂലാരിഷ്ടവും നൽകും.
നിയമസഭയിൽ ബില്ല് പാസാക്കണം
ജെല്ലിക്കെട്ടിനു വേണ്ടി തമിഴ്നാട് യുവജനങ്ങൾ ശക്തമായി സമരം നടത്തിയതിന്റെ ഫലമായി കേന്ദ്ര സർക്കാർ 2017 ൽ കൊണ്ടുവന്ന നിയമത്തിൽ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങൾ ബില്ല് പാസക്കി ഇപ്രകാരമുള്ള കാർഷിക ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി കൊടുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. കേന്ദ്രം ഇളവു നൽകിയപ്പോൾ തന്നെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബില്ല് പാസാക്കി ഉത്സവം ആരംഭിച്ചു .
2017 മുതൽ എല്ലാവർഷവും അതു നടന്നു വരുന്നു. എന്നാൽ ബില്ല് പാസാക്കുന്നതിനായി സംസ്ഥാന സർക്കാരിനു കർഷക സമിതി അപേക്ഷ നൽകി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മൂന്നു തവണ വിഷയം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ കേരള നിയമസഭ ബില്ല് പാസാക്കാൻ തയാറായില്ല. ബില്ല് പാസാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയ അവകാശത്തെ ചോദ്യം ചെയ്തു മൃഗ സ്നേഹികളുടെ സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ സുപ്രീംകോടതി അതു തള്ളുകയും സംസ്ഥാനങ്ങൾ ബില്ല് പാസാക്കുന്നതിനുള്ള അവകാശത്തെ ഉറപ്പിക്കുകയും ചെയ്തതാണ്. എന്നാൽ ചില ഉദ്യോഗസ്ഥർ തടസമായി നിൽക്കുകയാണെന്ന് ആനന്ദപ്പള്ളി കർഷക സമിതി ഭാരവാഹികൾ പറഞ്ഞു.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗ്രാമീണ ടൂറിസത്തിന്റെ സാധ്യത മുന്നിൽ കണ്ട് ഈ കാർഷിക ഉത്സവം തിരികെ കൊണ്ടുവരണമെന്നും ആനന്ദനപ്പള്ളി കർഷകസമതി പ്രസിഡന്റ് വർഗീസ് ദാനിയേൽ, സെക്രട്ടറി വി.കെ. സ്റ്റാൻലി, ഡോ. പി.സി. യോഹന്നാൻ, നിഖിൽ ഫ്രാൻസിസ്, വി.എസ്. ദാനിയേൽ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.