അവശനിലയിലായ വയോധികനെ മെഡിക്കല്‍ കോളജിലെത്തിച്ചു
1577598
Monday, July 21, 2025 4:01 AM IST
പത്തനംതിട്ട: ബന്ധുക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ അവശനിലയില്‍ കണ്ട വയോധികനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോന്നി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആങ്ങമൂഴി സദേശിയായ മേലേത്തറയില്‍ വീട്ടില്‍ സോമനെയാണ് (62) ആങ്ങമൂഴി കൊച്ചിണ്ടിയില് ദേഹമാസകലം വ്രണമായി പുഴുവരിക്കുന്ന നിലയില്‍ കണ്ടത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനേ തുടര്‍ന്നാണ് ആങ്ങമൂഴിയിലെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രമോദിനൊപ്പം സ്ഥലത്ത് എത്തിയത്. പ്രസിഡന്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂഴിയാര്‍ സ്റ്റേഷനിലെ പോലീസും സ്ഥലത്ത് എത്തി.
ദിവസങ്ങളായി ആഹാരവും വെള്ളവും കഴിക്കാതെ അവശനിലയിലായിരുന്ന സോമന് വേദനകൊണ്ട് കരയുകയായിരുന്നു. ഏക്കറ്കണക്കിന് ഭൂമി ഉണ്ടായിരുന്ന സോമന് ഇപ്പോള്‍ സ്വന്തം പേരില്‍ സ്വത്ത് ഒന്നും തന്നെയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
സോമനെ ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുത്ത് ഉപേക്ഷിച്ചതാണെന്നും അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.