പിന്തള്ളപ്പെടുന്നവരായി ആരുമുണ്ടാകരുത്: ഡോണി തോമസ് വര്‍ഗീസ്
1577590
Monday, July 21, 2025 3:49 AM IST
വടശേരിക്കര: സ്കൂൾ, കോളജ് പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞവരെയും പരാജയപ്പെട്ടവരെയും ചേര്ത്തുനിര്ത്തിയെങ്കില് മാത്രമേ യഥാര്‍ഥ വിജയാഘോഷമാകുകയുള്ളൂവെന്ന് ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസ്.
വടശേരിക്കര ഐക്യ ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ പ്രോല്‍സാഹന സമ്മേളനവും അവാര്‍ഡുദാന ചടങ്ങും വടശേരിക്കര സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജീവിത പരീക്ഷകളിൽ വീണുപോയവരെ ചേര്‍ത്തുപിടിച്ച് അവരെയും മുഖ്യധാരയിലെത്തിക്കുമ്പോഴാണ് ആത്മീയജീവിതം പോലും അര്ഥപൂര്ണമാകുന്നതെന്നും വിജയികളായ കുട്ടികളുടെ എണ്ണം കൂടുമ്പോള്‍തന്നെ ഇരകളായ കുട്ടികളുടെയും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളുടെയും എണ്ണം കൂടിവരുന്നുണ്ടെന്നും അതിസൂക്ഷ്മമായ പഠനത്തിനും അതിഗൗരവമായ പരിഹാരത്തിനും എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും തയാറാകണമെന്നും ഡോണി തോമസ് വര്‍ഗീസ് പറഞ്ഞു.
പ്രസിഡന്റ് ഫാ. ജോബ് പതാലില്‍ അധ്യക്ഷത വഹിച്ചു. ഓര്‍ത്തഡോക്സ് സഭാ കൗണ്‍സില്‍ അംഗം മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഫാ. സിജോ പന്നലക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും ഫാ. പീറ്റര്‍ കുത്തുകല്ലുങ്കല്‍ ധ്യാന പ്രസംഗവും നടത്തി.
സെക്രട്ടറി ബെന്നി പുത്തന്‍പറമ്പിൽ, ട്രഷറാര്‍ സന്തോഷ് കെ. ചാണ്ടി, റവ.ഫിലിപ്പ് ബേബി, ഫാ. എബി വര്‍ഗീസ്, റവ. മാത്യു ജോണ്‍ മുളമൂട്ടില്‍, റവ. സന്തോഷ് മാത്യു, ഫാ. ജോജി ജോര്‍ജ് ഫിലിപ്പ്, റവ. സന്തോഷ് ജോസഫ്, തോമസ് ചാക്കോ, മാത്യൂസ് ഏബ്രഹാം, ഷാജി മാത്യു, സ്വപ്ന സൂസന് ജേക്കബ്, ഡോ. മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.