സുരക്ഷാ ഓഡിറ്റിൽ ഇവയും ഉൾപ്പെടുമോ ? അശ്രദ്ധ തുടരുന്നു; അപകടങ്ങൾ പതിയിരിക്കുന്നു
1578146
Wednesday, July 23, 2025 3:26 AM IST
പത്തനംതിട്ട: കൊല്ലം തേവലക്കര സ്കൂളിൽ ഉണ്ടായ അപകടത്തേ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റിനു നിർദേശം നൽകിയിരിക്കേ പരിസരങ്ങളിലെ അപകട സാധ്യതകൾ കൂടി പരിഹരിക്കപ്പെടണമെന്ന ആവശ്യം.
സ്കൂളുകളോടു ചേർന്ന റോഡുകൾ, സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ എന്നിവയുടെ ശോച്യാവസ്ഥ, സമീപ പുരയിടങ്ങളിലെ വൃക്ഷ ശിഖരങ്ങൾ, തെരുവുനായ്ക്കൾ തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കേണ്ടത് ഇതര സർക്കാർ വകുപ്പുകളാണ്.
സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഇവ ഉൾപ്പെടാറില്ല. ഇക്കാരണം കൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ സുരക്ഷ ഓഡിറ്റിന്റെ ഭാഗമാകാനിടയില്ല. കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രഥമാധ്യാപകരിൽ നിന്നു വിവരങ്ങൾ തേടിയപ്പോഴും സ്കൂൾ കെട്ടിടങ്ങളുടെ നിലവാരം, വൈദ്യുതി പ്രശ്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
സ്കൂൾ വളപ്പുകളിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ പോലും നേരിട്ടുള്ള തീരുമാനം സുരക്ഷ ഓഡിറ്റിന്റെ ഭാഗമായി ഉണ്ടാകാനിടയില്ല. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിലവിലുള്ള ചട്ടങ്ങൾക്കുള്ളിൽ നിന്നു മാത്രമേ നടപടികളെടുക്കാനാകൂവെന്ന നിലപാടാണ് വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കുന്നത്.
മൈലപ്ര സ്കൂൾ വഴിയിൽ കൈവരി തകർന്ന കലുങ്ക്
മൈലപ്ര: നൂറു കണക്കിനു വിദ്യാർഥികൾ കടന്നു പോകുന്ന മൈലപ്ര ജംഗ്ഷൻ - വല്യയന്തി - കടമ്മനിട്ട റോഡിലെ സ്കൂൾ ജംഗ്ഷനിലെ കലുങ്കിന്റെ കൈവരി നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി.
എസ്എച്ച് സ്കൂളിനു സമീപത്തെ തോടിനു കുറുകെയുള്ള കലുങ്കാണ് അപകടാവസ്ഥയിലായിരിക്കുന്നത്. എട്ടുവർഷം മുന്പ് കലുങ്കിന്റെ കൈവരി നഷ്ടപ്പെട്ടതാണെന്നും ഇതു പുനഃസ്ഥാപിക്കുന്നതിലേക്ക് നിരവധി പരാതികൾ നൽകിയതായും പൊതു പ്രവർത്തകനായ ഗീവർഗീസ് തറയിൽ പറഞ്ഞു.
സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. റോഡ് ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലാണെങ്കിലും മുന്പ് പിഡബ്ല്യുഡി പണികഴിപ്പിച്ചതാണ് കലുങ്ക്. കലുങ്കിന് വീതി കൂട്ടി പുനർനിർമിക്കണമെന്നാവശ്യവുമുണ്ട്. സ്കൂളിനു സമീപത്തെ കലുങ്കിലൂടെ കുട്ടികൾ കാൽനട യാത്രയായും സഞ്ചരിക്കാറുണ്ട്.
സ്കൂൾ ഗ്രൗണ്ടിലേക്കും ഹയർ സെക്കൻഡറി സ്കൂളിലേക്കുമൊക്കെ കുട്ടികൾ കലുങ്ക് കടന്നുവേണം പോകാൻ. ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നപോകാൻ കഴിയുന്ന കലുങ്കാണിത്. വാഹനങ്ങൾ വരുന്പോൾ കുട്ടികൾ ഓടിമാറുകയാണ് പതിവ്.
പലപ്പോഴും തെരുവുനായ്ക്കളും കലുങ്കിനു സമീപത്തു തന്പടിക്കാറുണ്ട്. ഇവയെ കണ്ട് ഭയന്ന് കുട്ടികൾ ഓടിമാറുന്നതും പതിവുകാഴ്ച. കൈവരികൾ നഷ്ടപ്പെട്ട പാലത്തിൽ നിന്നു വീഴാതെ കുട്ടികൾ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്.
ചീക്കനാൽ സ്കൂൾ വളപ്പിൽ കിണറിനു സംരക്ഷണം ഒരുക്കാൻ ആറുമാസം
ഓമല്ലൂർ: ചീക്കനാൽ ഗവൺമെന്റ് എൽപി സ്കൂളിനുവേണ്ടി നിർമിച്ച കിണർ ഉയർത്തിക്കെട്ടാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ വേണ്ടിവന്നത് ആറുമാസം. 1.5 ലക്ഷം രൂപയുടെ ജോലി തുടങ്ങാൻ കരാറുകാരൻ കാലതാമസം വരുത്തുകയായിരുന്നെന്നാണ് ആക്ഷേപം.
കരാർ കാലാവധി ആറുമാസമുള്ളതിനാൽ സ്കൂൾ വളപ്പിലായാലും കിണർ അങ്ങനെ തന്നെ കിടക്കട്ടേയെന്ന് അധികൃതരും കരുതിയിട്ടുണ്ടാകാം. കഴിഞ്ഞയാഴ്ച കൊല്ലം തേവലക്കരയിൽ സ്കൂൾ വളപ്പിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചതിനു പിന്നാലെ നടന്ന അന്വേഷണങ്ങളിലാണ് ചീക്കനാൽ സ്കൂൾ വളപ്പിലെ കിണർ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.
കഴിഞ്ഞ ജനുവരിയിൽ നിർമിച്ച കിണറാണ്. ചുറ്റുമതിൽ നിർമിക്കാനും അന്നേ ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ നിന്നു പണം അനുവദിച്ചതാണ്. ഏപ്രിലിൽ ടെൻഡറായി. കരറെടുത്തയാൾ പണികൾ വൈകിപ്പിച്ചു. സംഭവം വിവാദമായതോടെ ഇന്നലെ സാധന സാമഗ്രികൾ ഇറക്കിയിട്ടുണ്ട്.
സ്കൂളിനു സമീപം പ്രവർത്തിക്കുന്ന അങ്കണവാടിക്കും കുട്ടികളുടെ കളിക്കളത്തിനും മധ്യത്തിലാണ് കിണർ. കിണറിനു മുകളിലേക്ക് കെട്ട് ഇല്ലാത്തതിനാൽ വല കെട്ടിയാണ് അപകടം ഒഴിവാക്കിയിരിക്കുന്നത്. കുട്ടികളാരും അങ്ങോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അധ്യാപകർക്കാണ്. തടിവിരിച്ച് സുരക്ഷ ഒരുക്കിയശേഷമാണ് കിണറിനു ചുറ്റും വലകൊണ്ട് സംരക്ഷണം ഒരുക്കിയിരുന്നത്.
പിഎം റോഡ് ഫുട്പാത്തിൽ കാലിടറിയാൽ സ്കൂൾ മുറ്റത്തേക്ക് വീഴും
റാന്നി: പുനർനിർമിച്ച പിഎം റോഡിൽ റാന്നി - വൈക്കം ഗവൺമെന്റ് യുപി സ്കൂളിന്റെ മുന്നിലെ ഫുട്പാത്തിൽ കാലിടറിയാൽ വീഴുന്നത് സ്കൂൾ മുറ്റത്തേക്കായിരിക്കും. റോഡ് നവീകരിച്ചപ്പോൾ സ്കൂളും റോഡും തമ്മിലുള്ള ഉയരം വർധിച്ചു. ഇതോടെ സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടിയെങ്കിലും ഫുട്പാത്തിനു കൈവരി പൂർണമായി നിർമിക്കാൻ മറന്നുപോയി.
സംസ്ഥാന പാതയോടു ചേർന്ന് വൈക്കം യുപി സ്കൂളിന്റെ പ്രൈമറി വിഭാഗം സ്ഥിതി ചെയ്യുന്ന ഭാഗത്ത് കൈവരിയില്ല. റോഡിനോടു ചേർന്ന ഭാഗത്ത് കൈവരി പൂർണമായി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽമറുവശത്തും കൈവരി വേണമെന്ന കാര്യം കരാറുകാർ മറന്നതു പോലെയായി. ഇതോടെ കോണുകൾ വച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കോടിക്കണക്കിനു രൂപ ചെലവഴിച്ചു പുനർനിർമിച്ച പാതയോരത്താണ് ഇതേപോലെയുള്ള അപകട സാധ്യത നിലനിൽക്കുന്നത്. കുട്ടികൾ അധികംപേരും റോഡിലൂടെ നടന്നുവരുന്നില്ലെന്നതാണ് ഏക ആശ്വാസം. എന്നാൽ നടപ്പാത ഉപയോഗിച്ച് ധാരാളം ആളുകൾ യാത്ര ചെയ്യുന്നുണ്ട്. കൈവരികൾ ഇല്ലാത്തതിനാൽ ഫുട്പാത്തിലൂടെ നടന്നുവരുന്നവർക്ക് കാല് തെറ്റിയാൽ അപകടത്തിൽപ്പെടുമെന്നുറപ്പാണ്.