ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം: ഡിസിസി
1578141
Wednesday, July 23, 2025 3:26 AM IST
പത്തനംതിട്ട: കൊടുമൺ രണ്ടാംകുറ്റി സ്വദേശിനിയായ വീട്ടമ്മ ജീവനൊടുക്കുകയും ഭർത്താവും മകനും ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത സംഭവത്തിനുത്തരവാദികളായ ഇസാഫ് ബാങ്ക് അധികൃതർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ ആവശ്യപ്പെട്ടു.
70,000 രൂപ വായ്പയെടുത്തു കുടിശിക ആയതിന്റെ പേരിലാണ് ഒരു കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചതും വീട്ടമ്മ മരിച്ചതും. സ്വകാര്യ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ബ്ലേഡ് മാഫിയകളുമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
കൊടുമണ്ണിലെ ആത്മഹത്യാ സംഭവത്തിൽ കുറ്റക്കാർക്കെതിരേനടപടിയും കുടുംബത്തിന് ധനസഹായവും ഉണ്ടായില്ലെങ്കിൽ ജില്ലയിലെ ഇസാഫ് ബാങ്ക് ശാഖകൾ ഉപരോധിക്കുന്നത് ഉൾപ്പെടെ ശക്തമായ സമര പരിപാടികൾ കോൺഗ്രസ് സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കപുറം അറിയിച്ചു.