കാർഷിക വനവത്കരണ പദ്ധതി കർഷക ദ്രോഹം: സുരേഷ് കോശി
1578148
Wednesday, July 23, 2025 3:37 AM IST
പത്തനംതിട്ട: കർഷകർക്കു ദ്രോഹകരമായ കാർഷിക വനവത്കരണ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി.
കർഷക കോൺഗ്രസ് ചെന്നീർക്കര മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയിടത്തിൽ മരങ്ങൾ നടുകയും അതിന്റെ വളർച്ച ഉൾപ്പെടെയുള്ള കാര്യങ്ങൾ നാഷണൽ ടിംബർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണമെന്ന കർശന വ്യവസ്ഥ സാധാരണ കർഷകരെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് സുരേഷ് കോശി പറഞ്ഞു.
നടുന്ന മരങ്ങൾ മുറിക്കേണ്ടിവരുമ്പോൾ വിവിധ വകുപ്പുകളുടെ അനുമതി ആവശ്യമായി വരികയും ഇതു കർഷകരെ മരങ്ങൾ നാട്ടുപിടിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും പഴയ ലൈസൻസ് രാജിലേക്കും അഴിമതിയിലേക്കും ഇതു വഴിതെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മണ്ഡലം പ്രസിഡന്റ് ടി. ഡി. രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മികച്ച പത്ത് കർഷകരെ ആദരിച്ചു.
കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടറായി നിയമിതനായ സുരേഷ് കോശിയെയും യോഗത്തിൽ ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ എം. കെ. പുരുഷോത്തമൻ, ജോജി ഇടക്കുന്നിൽ, അജി അലക്സ്, ബാബുജി ഈശോ, ജില്ലാ പ്രസിഡന്റ് സിറാജുദ്ദീൻ,ഡിസിസി ജനറൽ സെക്രട്ടറി ബോധേശ്വര പണിക്കർ, ഗ്രാമപഞ്ചായത്തംഗം ആർ. രാമചന്ദ്രൻ നായർ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി രഞ്ജൻ പുത്തൻ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.