ബാങ്ക് വായ്പയിലെ ഭീഷണി; ജീവനൊടുക്കാൻ ശ്രമിച്ചവരുടെ ആരോഗ്യനില മെച്ചപ്പെട്ടു
1578140
Wednesday, July 23, 2025 3:26 AM IST
മരിച്ച ലീലയുടെ സംസ്കാരം ഇന്ന്
കൊടുമൺ: സ്വകാര്യ ബാങ്ക് ജീവനക്കാരുടെ ഭീഷണിയേ തുടർന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അച്ഛന്റെയും മകന്റെയും ആരോഗ്യനിലയിൽ പുരോഗതി.
കൊടുമൺ രണ്ടാം കുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ നീലാംബരൻ (57), മകൻ ദിപിൻ കുമാർ (27) എന്നിവരാണ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. നീലാംബരന്റെ ഭാര്യ ലീലയെ ( 48) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലും അച്ഛനെയും മകനെയും ഗുളിക കഴിച്ച് അബോധാവസ്ഥയിലും തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. നീലാംബരനെയും മകനെയും മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
ഇസാഫ് ബാങ്ക് കൈപ്പട്ടൂർ ശാഖയിൽ നിന്നും എടുത്ത വായ്പയിൽ തിരിച്ചടവ് മുടങ്ങിയതിനേ തുടർന്നുള്ള ഭീഷണിയിൽ കുടുംബം മാനസിക സംഘർഷത്തിലായിരുന്നുവെന്ന് പറയുന്നു. ഇതേത്തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ചുവെന്നാണ് മൊഴി. 70,000 രൂപ അടയ്ക്കാനുള്ള തായാണ് പറയുന്നത്. ഇതിനിടെ ഇന്നലെ മട്ടാഞ്ചേരിയിലുള്ള ജെയിൻ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടന 80,000 രൂപ നീരാലംബരനു കൈമാറി. ഇതുപയോഗിച്ച് ബാങ്ക് വായ്പ അടയ്ക്കാനാണ് തീരുമാനം.
മരിച്ച ലീലയുടെ സംസ്കാരം ഇന്ന് മൂന്നിന് നടക്കും. നീരാലംബരനെയും ദിപിൻ കുമാറിനെയും സംസ്കാര ചടങ്ങുകൾക്കായി ഇന്ന് വീട്ടിലെത്തിക്കും.