ദൃഢത നഷ്ടമാകാതെ വിഎസ് -കെസിആർ ബന്ധം
1578142
Wednesday, July 23, 2025 3:26 AM IST
കോഴഞ്ചേരി: പത്തനംതിട്ട ജില്ലയിൽ താൻ വിശ്വസ്തരായ കണ്ട നേതാക്കളിൽ പ്രഥമസ്ഥാനം കെസിആറെന്ന കെ.സി. രാജഗോപാലന് വി.എസ്. അച്യുതാനന്ദൻ നൽകിയിരുന്നു. പാർട്ടിയിലെ ചേരിതിരിവിൽ പത്തനംതിട്ട ജില്ല ഏറെക്കാലവും വിഎസ് പക്ഷത്തു നിലനിന്നതിൽ കെസിആറിനുള്ള പങ്ക് വിഎസിനു നന്നായി അറിയാമായിരുന്നു.
പഴയ ആലപ്പുഴ ജില്ലയിൽ നിന്നു തുടങ്ങിയതാണ് ബന്ധം. മെഴുവേലിയിലെ പാർട്ടി പ്രവർത്തനത്തിൽ താഴെത്തട്ടിൽ നിന്നായിരുന്നു കെസിആറിന്റെ വളർച്ച. കൈപിടിച്ചത് സാക്ഷാൽ വിഎസും. സിഐടിയു നേതാവായിരുന്നപ്പോഴും പാർട്ടിയിലെ വിഎസ് പക്ഷക്കാരനായി അദ്ദേഹം വളർന്നു. അച്യുതാനന്ദന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി കെസിആറിനെ മറുചേരി കണ്ടു.
ജില്ലയിലെ പല നേതാക്കളും മാറിയും തിരിഞ്ഞും വിഎസ് പക്ഷത്തും അല്ലാതെയുമൊക്കെ നിലനിന്നപ്പോഴും കെ.സി. രാജഗോപാൽ ഉറച്ചു നിന്നു. സിപിഎമ്മിൽ ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിൽ രണ്ടാം സ്ഥാനത്തുമൊക്കെ അദ്ദേഹം എത്തി.
2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയുമായി. താൻ ആറന്മുള എംഎൽഎ ആയപ്പോൾ വി.എസ്. അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുമെത്തിയപ്പോൾ കെ.സി. രാജഗോപാലിന് ഏറെ അഭിമാനം പകരുന്നതായി.
സ്വന്തം മണ്ഡലത്തിലെ വികസന ആവശ്യങ്ങളെ മുഖ്യമന്ത്രി ഏറെ പിന്തുണച്ചത് കെസിആർ ഓർക്കുന്നു. ആറന്മുള സഹകരണഎൻജിനിയറിംഗ് കോളജ്, സഹകരണ കോളജ് എന്നിവ ഇക്കാലയളവിൽ തുടങ്ങിയ സ്ഥാപനങ്ങളാണ്. ഇലവുംതിട്ട പോലീസ് സ്റ്റേഷൻ, വനിത ഐടിഐ എന്നിവയും മണ്ഡലത്തിനു ലഭിച്ചു.
ആറന്മുള വിമാനത്താവളത്തിന്റെ പ്രാഥമികാനുമതി 2010ൽ വി.എസ്. അച്യുതാനന്ദൻ നൽകിയെന്നതു വിവാദമായപ്പോഴേക്കും പാർട്ടിയിൽ കെ.സി. രാജഗോപാലിനു കുറ്റപ്പെടുത്തലുകൾ നേരിടേണ്ടിവന്നു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിമാനത്താവളം പ്രചാരണ ആയുധവുമാക്കിയിരുന്നു. എന്നാൽ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഏറെയുള്ള വൻ പദ്ധതിയാണ് ആറന്മുളയിൽ സ്വകാര്യ കന്പനി വിഭാവനം ചെയ്യുന്നതറിഞ്ഞപ്പോൾ പാർട്ടി നിലപാട് മാറ്റി.
പരിസ്ഥിതിയെ തകർത്തുള്ള വികസനത്തോടു പാർട്ടിക്കുള്ള എതിർപ്പ് പ്രകടമാക്കി വി.എസ്. അച്യുതാനന്ദൻ തന്നെ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിൽ അണിചേർന്നു.