"ഇലന്തൂരിലെ മരം മല്ലപ്പുഴശേരിയിൽ വീണു' വെള്ളം കെട്ടിക്കിടന്ന് കൃഷി നശിക്കുന്നു
1577914
Tuesday, July 22, 2025 3:11 AM IST
ഇലന്തൂർ: തോട്ടിൽ വീണ മരങ്ങൾ നീക്കാത്തതിനാൽ വെള്ളം കെട്ടിക്കിടന്ന് 25 ഏക്കർ പാടത്തെ കൃഷി നശിക്കുന്നു. ഇലന്തൂർ, മല്ലപ്പുഴശേരി പഞ്ചായത്ത് അതിർത്തിയിൽ പുളിന്തിട്ട ചിപ്പിനടുത്താണ് അധികൃതരുടെ അനാസ്ഥയിൽ ഏക്കറു കണക്കിന് സ്ഥലം കൃഷി ചെയ്യാനാകാതെ തരിശായി കിടക്കുന്നത്.
പമ്പയുടെ പ്രധാന കൈവഴിയായ വലിയതോട്ടിലേക്ക് വീണു കിടക്കുന്ന ആഞ്ഞിലി, കാഞ്ഞിരം മരങ്ങളാണ് വെള്ളമൊഴുക്കിന് തടസമായത്. രണ്ടു വർഷം മുൻപ് പെരുമഴയിൽ തോട്ടിലേക്കു വീണ മരങ്ങളാണ് മാറ്റാതെ കിടക്കുന്നത്. മരങ്ങൾ നിന്നത് ഇലന്തൂർ പഞ്ചായത്തിലും വീണു കിടക്കുന്നത് മല്ലപ്പുഴശേരി പഞ്ചായത്തിലുമാണ്. പല തവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.
തോട്ടിൽ രൂപപ്പെട്ട വെള്ളക്കെട്ട് സമീപ പാടങ്ങളെയും ബാധിച്ചു. ഇതോടെ കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായി.ഇലന്തൂർ വലിയതോട്ടിൽ ചീപ്പിനു താഴേക്ക് വെള്ളംഒഴുക്ക് നിലച്ചു. ഇതോടെ ഏക്കർ കണക്കിനു കൃഷി നശിച്ചു.രണ്ടു വർഷം അധികാരികളോട് മരങ്ങൾ നീക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മുട്ടാർ പാടശേഖര സമിതിയുടെ കീഴിൽ കൃഷി പൂർണമായി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണെന്ന് കർഷകനായ ചൂരത്തലയ്ക്കൽ സാംസൺ മാത്യു പറഞ്ഞു.