അനുശോചിച്ചു
1577916
Tuesday, July 22, 2025 3:12 AM IST
പത്തനംതിട്ട: മുൻ മുഖ്യമന്ത്രിയും സമുന്നത കമ്യൂണിസ്റ്റ് നേതാവുമായിരുന്ന അച്ച്യുതാനന്ദന്റെ നിര്യാണത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. അനധികൃത ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലും പരിസ്ഥിതി പ്രാധാന്യപരമായ പ്രശ്നങ്ങളിലും ഉൾപ്പെടെ മുഖ്യമന്ത്രി എന്ന നിലയിൽ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിൽ അദ്ദേഹം കാട്ടിയ നിശ്ചയം ദാർഢ്യം പ്രശംസനീയമായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
പത്തനംതിട്ട: നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്തിന്റെ രാഷ്ട്രീയ പ്രതിരൂപമായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് സിഐടിയു ജില്ലാ കമ്മിറ്റി. ആദർശ രാഷ്ട്രീയത്തിന്റെ കേരളം ലോകത്തിന് കാട്ടിക്കൊടുത്ത ഉജ്ജ്വലനായ സമര പോരാളിയായിരുന്നു അദ്ദേഹമെന്നും ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ അഭിപ്രായപ്പെട്ടു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് -എം സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അനുശോചിച്ചു.
അടൂർ: മുൻമുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുശോചിച്ചു. വിഎസ് പ്രതിപക്ഷനേതാവായിരുന്ന അഞ്ചു വർഷം നിയമസഭയിൽ അംഗമായിരിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും കഴിഞ്ഞത് പ്രത്യേക അനുഭവമായിരുന്നുവെന്നും ചിറ്റയം അനുസ്മരിച്ചു.
തിരുവല്ല : കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ആദർശ രാഷ്ട്രീയത്തിന്റെ സമകാലിക മുഖവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ദേഹവിയോഗത്തിൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും ഔദ്യോഗിക ഐക്യവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് അനുശോചിച്ചു.
നിലപാടുകളുടെയും ലാളിത്യത്തിന്റെയും സാധാരണക്കാരന്റെ വേദന മനസിലാക്കി അതിനോടു ക്രിയാത്മകമായി പ്രതികരിക്കുന്ന മനുഷ്യത്വത്തിന്റെയും ആൾരൂപം ആയിരുന്നു വിഎസെന്ന് കെസിസി അഭിപ്രായപ്പെട്ടു. ഇത്തരം വ്യക്തിത്വങ്ങൾ സമൂഹത്തിൽ കുറഞ്ഞു വരുന്നത് പൊതുസമൂഹത്തിന്റെ മൂല്യബോധം വളർത്തിയെടുക്കുന്നതിൽ വലിയ കുറവ് സൃഷ്ടിക്കുമെന്ന് കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് എന്നിവർ പറഞ്ഞു.