കൂട് സ്ഥാപിച്ചിട്ടും പുലി വന്നില്ല; വന്യമൃഗഭീതി ഒഴിയാതെ താന്നിക്കപ്പുഴ
1577589
Monday, July 21, 2025 3:49 AM IST
റാന്നി: പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തുവെങ്കിലും ഭീതി മാറാതെ പ്രദേശവാസികൾ. ഒരാഴ്ച മുമ്പ് പുലിയെ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെച്ചൂച്ചിറ പെരുന്തേനരുവിക്ക് സമീപം താന്നിക്കപ്പുഴയില് കൂടു സ്ഥാപിക്കുകയും വലിയകാവിലെ ജനവാസ മേഖലയിലും വനത്തിലും വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. പിന്നീട് പുലിയെ സംബന്ധിച്ചു വിവരങ്ങള്‍ ഒന്നും ഇല്ലെന്നാണ് വനപാലകര്‍ പറയുന്നത്. എന്നാലും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്.
പുലിയെ ടാപ്പിംഗ് തൊഴിലാളി കണ്ടതായി പറയുന്ന വെച്ചൂച്ചിറ താന്നിക്കപ്പുഴയിലെ പൊന്തക്കാടുകള്‍ കേന്ദ്രീകരിച്ച് വനപാലകര്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിരുന്നു. ഇതിലും പുലിയുടെ സാന്നിധ്യം പിന്നീട് ലഭിച്ചിരുന്നില്ല. പുലിഭീതിയില്‍ കഴിയുന്ന താന്നിക്കാപ്പുഴയില്‍ ടാപ്പിംഗ് ജോലികള്‍ അപ്പാടെ നിലച്ച മട്ടാണ്.
പുലര്‍ച്ചെയും രാവിലെയുമാണ് തോട്ടങ്ങളില്‍ തൊഴിലാളികള്‍ എത്തി ടാപ്പിംഗ് നടത്തേണ്ടത്. എന്നാല്‍ പുലിഭീതി മൂലം ഈ സമയത്ത് ഇതുവഴി ആരും നടന്നുപോകുന്നില്ല. വാഹനങ്ങളിലല്ലാതെ നടന്നുപോകാന്‍ ആളുകള്‍ക്ക് ഭയമാണ്.
കുട്ടികളെ ഒറ്റയ്ക്കു സ്കൂളുകളിലേക്ക് അയയ്ക്കുന്നുമില്ല. ഇതിനു സമീപമുണ്ടായിരുന്ന ചില താമസക്കാരും തത്ക്കാലത്തേക്കെങ്കിലും വീടൊഴിഞ്ഞിരിക്കുകയാണ്. താന്നിക്കപ്പുഴ, പെരുന്തേനരുവി, കുരുമ്പന്‍മൂഴി, അഴുത കോളനി, നൂറോക്കാട് എന്‍എസ്എസ് എസ്റ്റേറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പുലിഭീതി നിലനില്‍ക്കുകയാണ്.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവ കൃഷിയിടങ്ങളില്‍ എത്തുകയും ഇവയെക്കുറിച്ചുള്ള ഭയം നിലനില്ക്കുകയും ചെയ്യുന്നതിനിടയിലാണ് വില്ലനായി പുലിഭീതി കൂടി ആളുകളിലേക്കെത്തിക്കഴിഞ്ഞിരിക്കുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ കാര്‍ഷിക വൃത്തിയും ജനജീവിതവും ദുഃസഹമായിരിക്കുകയാണ്.
ആനയും കാട്ടുപന്നിയും കാര്‍ഷികവിളകള്‍ അപ്പാടെ നശിപ്പിക്കുകയാണ്. ആനയുടെ ശല്യം രൂക്ഷമായതോടെ വിളകള്‍ അപ്പാടെ നശിപ്പിക്കുകയാണ്. തെങ്ങ്, കമുക് തുടങ്ങിയവയ്ക്കും ഫലവര്‍ഗങ്ങള്‍ക്കും നാശനഷ്ടം വരുത്തുന്നു. കിഴക്കന്‍ മേഖലയിലെ പല പഞ്ചായത്തുകളില്‍നിന്നും അതിര്‍ത്തി പ്രദേശങ്ങളിലെ കര്‍ഷക കുടുംബങ്ങള്‍ വ്യാപകമായി വീടുപേക്ഷിച്ചു പോകുകയാണ്.
കര്‍ഷകര്‍ സ്വയം ഒഴഞ്ഞുപോകുന്നതിനു സാഹചര്യമൊരുക്കുകയാണ് വനപാലകരും ചെയ്യുന്നത്. രൂക്ഷമായ വന്യമൃഗശല്യം നേരിടാനും ജനങ്ങളുടെ സൈ്വര ജീവിതം ഉറപ്പാക്കാനും ഒരു പദ്ധതിയുമില്ലെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.