പുതിയകാവിൽചിറ വിശ്രമകേന്ദ്രം വീണ്ടും സജീവമാകും; ടൂറിസം പദ്ധതിക്കു പുതുജീവൻ
1578149
Wednesday, July 23, 2025 3:37 AM IST
അടൂർ: ഹൈസ്കൂൾ ജംഗ്ഷനിലെ പുതിയകാവിൽചിറയ്ക്കും വഴിയോര വിശ്രമകേന്ദ്രത്തിനും ശാപമോക്ഷം. മതിയായ സംരക്ഷണമില്ലാതെ കിടന്നതിനേ തുടർന്ന് ചിറയിൽ നടപ്പാക്കിയ സൗന്ദര്യവത്കരണ പദ്ധതികൾ താറുമാറായിരുന്നു.
ഹോട്ടൽ ആരാം പാർക്ക് നടത്തിപ്പിനുള്ള അനുമതി അടൂർ സ്വദേശികളായ മൂന്ന് യുവാക്കൾ നേടിയെടുത്തതോടെ ടൂറിസം പദ്ധതിക്കു പുതുജീവൻ കൈവരിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ കെട്ടിടത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. ഓണത്തിന് ഹോട്ടൽ പ്രവർത്തിപ്പി ക്കാനാകുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.
പുതിയകാവിൽ ചിറയിൽ ബോട്ടും അലങ്കര വൈദ്യുതി ദീപങ്ങളും കുട്ടികൾക്കുള്ള പാർക്കും ക്രമീകരിക്കും. പ്രഭാത സഞ്ചാരത്തിനു ചിറയ്ക്കു ചുറ്റുമുള്ള നടപ്പാത നവീകരിക്കും. സംസ്കാരിക പരിപാടികൾക്കുള്ള ഇടമായി ഇതിനെ മാറ്റുകയാണ് ലക്ഷ്യം.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുള്ളതാണ് കെട്ടിടവും ചിറയും. ഡിടിപിസി വക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അടച്ചുപൂട്ടിയിട്ട് ഒരു വർഷത്തിലേറെയായി. ഹോട്ടൽ പൂട്ടിയതോടെ ചിറയുടെ പരിസരങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരുന്നു.
ആദ്യഘട്ടത്തിൽ ചിറയിലെ പായൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൂർണമായി നീക്കിയിരുന്നു. ബംഗളൂരുവിൽ നിന്നുമെത്തിച്ച സ്വകാര്യ ഏജൻസിയുടെ പായൽ വാരുന്ന യന്ത്രം ഉപയോഗിച്ചാണ് പായൽ നീക്കം ചെയ്തത്.
കിഫ്ബിയുടെ ടൂറിസം ഹബ് എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. മൂന്ന് മൾട്ടിപ്ലസ് തിയേറ്ററുകൾ, മൂന്ന് വലിയ കെട്ടിടങ്ങൾ, ഓപ്പൺ എയർ തിയേറ്റർ, കൺവൻഷൻ സെന്റർ, ലേസർ ഷോ നീന്തൽകുളങ്ങൾ, മ്യൂസിക്കല്‍ ഫൗണ്ടന്, സൈക്കിള്‍പാത, നടപ്പാത,വെള്ളത്തിനുള്ളില്‍ തണല്‍ അക്വേറിയം, കാൽ കൊണ്ട് ചവിട്ടി നീക്കാവുന്ന ബോട്ടുകൾ, തൂക്കുപാലം, മാലിന്യ സംസ്കരണ പ്ളാന്റ് അടക്കമുള്ള വികസന പദ്ധതികൾ പുതിയകാവില്‍ ചിറയില്‍ നടപ്പിലാക്കുന്നതിനാണ് രൂപരേഖ തയാറാക്കിയിരിക്കുന്നത്.