കുടിവെള്ളപദ്ധതി സൊസൈറ്റിയിലെ അഴിമതി ആരോപണം അന്വേഷിക്കും
1578150
Wednesday, July 23, 2025 3:37 AM IST
സീതത്തോട്: സീതത്തോട് മൂന്നുകല്ല് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണത്തെ സംബന്ധിച്ച് അന്വേഷണം നടത്താൻ കോന്നി ഡിവൈഎസ്പിക്കു നിർദേശം. സൊസൈറ്റി അംഗം എം.ഡി. സ്റ്റാലിൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയേ തുടർന്നാണ് നിർദേശമുണ്ടായത്. അന്വേഷണത്തിന് ഉത്തരവ് ലഭിച്ചതോടെ ഡിവൈഎസ്പി ബന്ധപ്പെട്ടവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി.
വർഷങ്ങൾക്കു മുന്പ് രൂപീകരിച്ച മൂന്നുകല്ല് കുടിവെള്ള പദ്ധതി സൊസൈറ്റിയുടെ നടത്തിപ്പ് ചുമതല സിപിഐ പ്രാദേശിക നേതാക്കൾക്കാണ്. സൊസൈറ്റിയുടെ പേരിലുള്ള പണം തട്ടിച്ചതും ആൾമാറാട്ടം നടത്തി പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് സർക്കാരിലേക്ക് രേഖകൾ സമർപ്പിച്ചതുമായ വിഷയത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എം.ഡി. സ്റ്റാലിൻ പറഞ്ഞു.
സൊസൈറ്റിയുടെ പൊതുയോഗം വർഷങ്ങളായി നടക്കുന്നില്ല. ഇതേത്തുടർന്ന് രജിസ്ട്രാർക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയുടെ മറുപടി ലഭിച്ചപ്പോഴാണ് ആൾമാറാട്ടം നടത്തി രേഖകൾ സമർപ്പിച്ചത് ശ്രദ്ധയിൽപെട്ടതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയതെന്നും പറയുന്നു.