20 പള്ളിയോടങ്ങൾകൂടി നീരണിഞ്ഞു
1577907
Tuesday, July 22, 2025 3:11 AM IST
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തില്‍ നടക്കുന്ന വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി 20 പള്ളിയോടങ്ങള്കൂടി നീരണിഞ്ഞു. 445 വള്ളസദ്യകള്‍ ഇതേവരെ ബുക്കു ചെയ്തു കഴിഞ്ഞതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു. മല്ലപ്പുഴശേരി, കോയിപ്രം, കോഴഞ്ചേരി പള്ളിയോടങ്ങള്‍ക്ക് ഇന്ന് സദ്യ ക്രമീകരിച്ചിട്ടുണ്ട്.
പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആഞ്ഞിലിമൂട്ടില്‍ കടവില്‍ നിന്നും പള്ളിയോടങ്ങള്‍ക്ക് ആറന്മുളയിലെത്താന് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്.
പടിഞ്ഞാറന്‍ മേഖലയിലെ പള്ളിയോടങ്ങള്‍ ക്ഷേത്രത്തിന് സമീപമുളള സത്ര കടവ്, തോട്ടപ്പുഴശേരി, ഇടശേരിമല മാലേത്ത് എന്നീ കടവുകളില്‍ കെട്ടിയിരിക്കുകയാണ്. ചിങ്ങം ആദ്യവാരത്തില്‍ മുഴുവന്‍ പള്ളിയോടങ്ങളും നീരണിയും.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനവും, ആറന്മള വളളസദ്യയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വിവിധ ഡിപ്പോകളില്‍ നിന്നും ബസുകള്‍ ആറന്മുളയിലെത്തുന്നുണ്ട്. 25,26,27 തീയതികളിലാണ് ഏറ്റവും കൂടുതല്‍ കെഎസ്ആര്‍ടിസിയുടെ ടൂറിസം സെല്‍ ബസുകളെത്തുന്നുമെന്ന് അറിയിച്ചിട്ടുള്ളതെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവനും സെക്രട്ടറി പ്രസാദ് ആനന്ദ ഭവനും അറിയിച്ചു .