കേബിളില്‍ ലോറി കുരുങ്ങി; ട്രാഫിക് ലൈറ്റ് ഒടിഞ്ഞുവീണു
1577919
Tuesday, July 22, 2025 3:12 AM IST
കോഴഞ്ചേരി: തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ ഒടിഞ്ഞ് റോഡില്‍ വീണു. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. ടികെ റോഡിലൂടെ എത്തിയ ലോറി ട്രാഫിക് സിഗ്നല്‍ ലൈറ്റിന്റെ തൂണില്‍ കുടുങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങിയതോടെയാണ് ഒടിഞ്ഞു വീണതെന്ന് പറയുന്നു. ലോറി കേബിളില്‍ കുരുങ്ങിയത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ലൈറ്റിന്റെ തൂണും സോളാര്‍ പാനലും ഉള്‍പ്പെടെ റോഡിലേക്ക് മറിയുകയായിരുന്നു.
സിഗ്നല്‍ ലൈറ്റുകള്‍ തമ്മില്‍ ബന്ധിച്ചിരുന്ന ഇലക്ട്രിക് കേബിളില്‍ പൊക്കമുള്ള വാഹനം തട്ടിയതാണ് കാരണം എന്ന് സംശയിക്കുന്നു. മറ്റു കേബിളുകളും പോസ്റ്റിലൂടെ വലിച്ചിട്ടുണ്ടായിരുന്നു.
പുലര്‍ച്ചെ ആയിരുന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. അഗ്നിരക്ഷാ സേന എത്തി ലൈറ്റും സോളാര്‍ പാനലും ഉള്‍ക്കൊള്ളുന്ന ഒടിഞ്ഞ പൈപ്പുകള്‍ റോഡില്‍ നിന്ന് മുറിച്ചു നിക്കി. ടികെ റോഡും മാവേലിക്കര - കോഴഞ്ചേരി റോഡും സന്ധിക്കുന്ന തെക്കേമല ജംഗ്ഷനില്‍ മന്ത്രി വീണാ ജോര്‍ജ് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചിരുന്നത്. ട്രാഫിക് സിഗ്നല്‍ പൂര്ണക്ഷമവുമല്ലായിരുന്നു.