സ്വകാര്യ ബാങ്ക്ശാഖ അധികൃതരുടെ ഭീഷണി; വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം, സംഘർഷം
1577920
Tuesday, July 22, 2025 3:12 AM IST
പത്തനംതിട്ട: സ്വകാര്യ ബാങ്ക് അധികൃതരുടെ ഭീഷണിയേ തുടർന്ന് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും വീട്ടമ്മ മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ ഇസാഫ് ബാങ്കിന്റെ പത്തനംതിട്ട ശാഖ ഉപരോധിച്ചു.
ബാങ്ക് ജീവനക്കാരെ പുറത്തെത്തിക്കാൻ ഉള്ള ശ്രമത്തിനിടെ പോലീസും യുവജന സംഘടനാ പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നു. ബല പ്രയോഗത്തേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട മാർക്കറ്റ് റോഡ് ഉപരോധിച്ചു. ഇതേസമയം അതുവഴി വന്ന ജില്ലാ കളക്ടറുടെ കാർ തടയാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിന് ഇടയാക്കി. പോലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്.
കൊടുമൺ രണ്ടാംകുറ്റിയിലാണ് ഇന്നലെ രാവിലെ മൂന്നംഗ കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരിൽ വീട്ടമ്മ രണ്ടാംകുറ്റി വേട്ടക്കോട്ട് കിഴക്കേതിൽ ലീലയാണ് (48) മരിച്ചത്.
വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവ് നീലാംബരൻ (57) , മകൻ ദിപിൻ കുമാർ (27) എന്നിവരെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാങ്കിന്റെ ഭീഷണിയേ തുടർന്ന് ലീലയും ഭർത്താവും മകനും ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. ഇസാഫ് ബാങ്കിൽ നിന്നും ഇവർ 70000 രൂപ വായ്പയെടുത്തിരുന്നുവെന്നും ഗഡുക്കൾ മുടങ്ങിയതോടെ ജീവനക്കാരെത്തി ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
പ്രതിഷേധ സമരത്തിന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു , മുനിസിപ്പൽ കൗൺസിലർ കെ. ജാസിംകുട്ടി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ തുടങ്ങിയവർ നേതൃത്വം നൽകി.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്ന അവസ്ഥയിലാണെന്നും പലിശക്കാരും കള്ളപ്പണക്കാരും പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും പഴകുളം മധു പറഞ്ഞു. യുഡിഎഫ് സർക്കാർ പലിശക്കാരെ നിയന്ത്രിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പോലെയുള്ള നടപടികൾ പിന്നീടു വന്ന എൽഡിഎഫ് സർക്കാർ അട്ടിമറിച്ചതായും പഴകുളം മധു ആരോപിച്ചു.
ബാങ്ക് നടപടി ക്രൂരം: സതീഷ് കൊച്ചുപറന്പിൽ
പത്തനംതിട്ട: ഇസാഫ് ബാങ്ക് കൈപ്പട്ടൂർ ശാഖയിൽ നിന്നും മുക്കാൽ ലക്ഷത്തിൽ താഴെ രൂപ വായ്പയെടുത്ത് കുടിശിക ആയതിനേ തുടന്നുള്ള ജപ്തി ഭീഷണിയും പീഡനവും മൂലം കൊടുമൺ രണ്ടാംകുറ്റി സ്വദേശിനിയായ വേട്ടക്കാട്ട് വീട്ടിൽ ലീല നീലാംബരൻ ആത്മഹത്യ ചെയ്തതും ഗൃഹനാഥനായ നീലാംബരനും മകൻ വിപിനും ആത്മഹത്യക്ക് ശ്രമിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായ സംഭത്തെക്കുറിച്ചും അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
കോടീശരന്മാരായ കോർപറേറ്റുകൾക്ക് വൻ വായ്പ നല്കി അത് ഈടാക്കാതെ അവരെ വിദേശ രാജ്യങ്ങളിലേക്ക് കടക്കുവാൻ അവസരം ഒരുക്കുകയും കോടിക്കണക്കിന് വായ്പ തുക എഴുതിത്തള്ളുകയും ചെയ്യുന്ന സർക്കാരുകൾ പാവപ്പെട്ടവരുടെ ചെറിയ വായ്പകളുടെ തിരിച്ചടവിനു വേണ്ടി അവരെ ക്രൂരമായി ദ്രോഹിക്കുകയും ആത്മഹത്യയിലേക്ക് തള്ളി വിടുകയുമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വിദ്യാഭ്യാസ വായ്പ നല്കുന്നതിൽ ഉൾപ്പെടെ ജില്ലയിലെ ദേശസാൽകൃത ബാങ്കുകൾ ഇരട്ടത്താപ്പ് സമീപനമാണ് സ്വീകരിക്കുന്നത്. സ്വകാര്യ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ബ്ലേഡ് മാഫിയകളുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും സർഫാസി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.