ബനഡിക്ട് മാർ ഗ്രിഗോറിയോസ് സാംസ്കാരിക തലങ്ങളെയും സ്വാധീനിച്ചു: ആർച്ച്ബിഷപ് മാർ തോമസ് തറയിൽ
1577912
Tuesday, July 22, 2025 3:11 AM IST
തിരുവല്ല: സമൂഹത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവന്ന ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, കേരളത്തിന്റെ സാംസ്കാരിക മണ്ഡലങ്ങളെയും സ്വാധീനിച്ചിരുന്നുവെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ കീഴിൽ, ബഥനി സന്യാസസമൂഹത്തിന്റെ ചുമതലയിൽ, മാർ ഗ്രിഗോറിയോസിന്റെ ജന്മനാടായ കല്ലൂപ്പാറ കോട്ടൂരിൽ പ്രവർത്തിച്ചിരുന്ന മാർ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരുണ്യാലയം, ചങ്ങനാശേരി അതിരൂപതയിൽ ആരംഭിച്ച മിഷണറീസ് ഓഫ് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കോൺഗ്രിഗേഷന്റെ ചുമതലയിലേയ്ക്കു മാറുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാർ തോമസ് തറയിൽ.
ആത്മീയാചാര്യൻ, മതമേലധ്യക്ഷൻ എന്നതിലുപരി വൃക്ഷങ്ങളെയും പ്രകൃതിയെയും സ്നേഹിച്ച് തലസ്ഥാനനഗരിയിൽ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാർ ഗ്രിഗോറിയെന്നും ആർച്ച് ബിഷപ് ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ പ്രസിഡന്റ് അലക്സ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
തിരുവല്ല അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ഐസക് പറപ്പള്ളിൽ അനുസ്മരണ പ്രഭാഷണവും, എംഎസ്ജെ സുപ്പീരിയർ ജനറൽ ഫാ. മാത്യു കുരീക്കാട്ടിൽ മുഖ്യപ്രഭാഷണവും നടത്തി. ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റ് ഫാ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തിൽ ഒഐസി, കവിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, തൃശൂർ സ്നേഹാശ്രമം ഡയറക്ടർ ഫാ. അലക്സാണ്ടർ കുരീക്കാട്ടിൽ സിഎംഎഫ് , കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. മാത്യു കാമുണ്ടകത്തിൽ, എംഎസ്ജെ. കോൺഗ്രിഗേഷൻ ഇന്ത്യൻ സുപ്പീരിയർ ഫാ.സജിൻ തളിയൻ, മരിയസദൻ ഡയറക്ടർ ബ്രദർ സന്തോഷ് ജോസഫ്, ദിവ്യകാരുണ്യാലയം ഡയറക്ടർ ഫാ. സുബിൻ കൂവക്കാട്ട് എംഎസ്ജെ, മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രഫ. ജേക്കബ് എം. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
93ാം ജന്മവാർഷികം ആഘോഷിക്കുന്ന ഫാ. ഇഗ്നേഷ്യസ് തങ്ങളത്തിലിന് സമ്മേളനം ആശംസകൾ നേർന്നു. മാർ ഗ്രിഗോറിയോസ് ദിവ്യകാരുണ്യാലയത്തിന്റെ ആശീർവാദം ആർച്ച് ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു.