വൈദ്യുതി ലൈനുകൾ കൈയെത്തും ഉയരത്തിൽ
1577915
Tuesday, July 22, 2025 3:11 AM IST
പത്തനംതിട്ട: ജില്ലയിലെ ഗ്രാമീണ പാതകളിൽ പലയിടത്തും വൈദ്യതി ലൈനുകൾ വലിച്ചിട്ടുള്ളത് ചട്ടങ്ങൾ മറന്ന്. പ്രധാന നിരത്തുകളിലെ വൈദ്യുതിലൈനുകൾ ഏറെക്കുറെ സുരക്ഷയെ കരുതിയാണ് വലിച്ചിട്ടുള്ളതെങ്കിലും ഉൾപ്രദേശങ്ങളിൽ പലയിടത്തും വൈദ്യുതി കന്പികൾ കൈയെത്തും ഉയരത്തിലാണ്. ഇടവഴികളിലാണ് വൈദ്യുതി കമ്പികൾ ഏറെയും അപകടകരമാംവിധം താഴ്ന്നു കിടക്കുന്നത്. ഇത് സംബന്ധിച്ച് ആരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്ന് വൈദ്യുതി ബോർഡ് അധികൃതരും വ്യക്തമാക്കുന്നു.
എല്ലാ കുറ്റവും വൈദ്യുതി ബോർഡിനു മേൽ കെട്ടിവയ്ക്കാനാണ് പൊതുജനത്തിന് താത്പര്യമെന്നാണ് അധികൃതരുടെ പരാതി. നാട്ടുകാരും സ്ഥാപന അധികാരികളും മോട്ടോർ വാഹന വകുപ്പും ഇതിൽ ഒരേപോലെ കുറ്റക്കാരാണ്.
1956- ലെ ഇലക്ട്രിസിറ്റി റൂൾ ആണ് വൈദ്യുതി സുരക്ഷയെ സംബന്ധിച്ച് പ്രാഥമിക നിർദ്ദേശങ്ങൾ അടങ്ങുന്ന പ്രധാനപ്പെട്ട നിയമം. വൈദ്യുതി ഉപകരങ്ങൾക്കും പ്രസരണ വിതരണ ലൈനുകൾക്കും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ് ഗുണനിലവാരം ഉണ്ടായിരിക്കണമെന്ന് ചട്ടം അനുശാസിക്കുന്നു. അനുമതിയില്ലാതെ ആരും വൈദ്യുതിലൈനിലോ, ഉപകരണങ്ങളിലോ പണിയെടുക്കരുതെന്നും നിയമം ചൂണ്ടിക്കാട്ടുന്നു.
സുരക്ഷാ അകലങ്ങൾ
തലയ്ക്കുമുകളിലൂടെ വലിച്ചിരിക്കുന്ന വൈദ്യുതക്കമ്പികളും സമീപത്തുള്ള നിർമിതികളും തമ്മിൽ പാലിക്കേണ്ട ചുരുങ്ങിയ അകലങ്ങൾ സംബന്ധിച്ചു കൃത്യമായ നിർദേശം വൈദ്യുതി വിതരണ ചട്ടത്തിലുണ്ട്.
11000 വോൾട്ട് വരെയുള്ള ലൈനുകൾ കുറഞ്ഞത് 4.2 മീറ്റർ ഉയരത്തിലും 11000 വോൾട്ടിനുമുകളിലേക്കുള്ളത് 5.2 മീറ്റർ ഉയരത്തിലുമാണ് വലിക്കേണ്ടത്. റോഡുകൾക്ക് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ 6.1 മീറ്റർ ഉയരത്തിലായിരിക്കണം.
കെട്ടിടങ്ങളുടെ മുകളിലൂടെ കമ്പികൾ പോകുമ്പോൾ ഏറ്റവും ഉയർന്ന ഭാഗത്തുനിന്നും ലംബമായി 2.5 മീറ്റർ ഉയരം ഉണ്ടാകണം എന്നാണ് നിയമം.കെട്ടിടങ്ങളുടെ അരികിലൂടെ കമ്പികൾ പോകുമ്പോൾ ഏറ്റവും അടുത്തുള്ള ഭാഗത്തുനിന്നും 1.2 മീറ്റർ അകലം പാലിച്ചിരിക്കണം. പക്ഷേ പല സ്ഥലങ്ങളിലും കൈയെത്തി പടിക്കാൻ പാകത്തിന് ദൂരം മാത്രമേ ഉണ്ടാകൂ .
ഹൈടെൻഷൻ ലൈനുകൾ
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുതി ഉത്പാദന ജില്ലയാണ് പത്തനംതിട്ട. മൂഴിയാർ പവർ ഹൗസിൽ നിന്നു പുറപ്പെടുന്ന 220 കെവി ലൈനുകൾ കിഴക്കൻ മേഖലയിൽ താഴുന്നത് പതിവാണ്. ഒരു മലയിൽ നിന്നു മറ്റൊരു മലയിലേക്ക് 200 മീറ്ററിൽ അധികം ഉയരത്തിലാണ് ഹൈടെൻഷൻ കമ്പികൾ പോകുന്നത്.
എന്നാൽ കുന്നുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ടവറുകളിൽ ഘടിപ്പിച്ചിട്ടുള്ള കമ്പികൾ പലപ്പോഴും തുടിഞ്ഞു കിടക്കുന്നത് പതിവാണ്. ഇത്തരം കമ്പികളിലേക്ക് അടിക്കാടുകൾ പടർന്നു കയറുന്നത് ദുരന്തങ്ങൾക്ക് കാരണമാകുന്നു. പലപ്പോഴും മൃഗങ്ങളാണ് ഇത്തരത്തിലുള്ള വൈദ്യുതി വലയത്തിൽ അകപ്പെടുന്നത്. 1997-ൽ ചോരകക്കി വനത്തിൽ നാല് ആനകളാണ് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞത്. തുടർന്നും ഇത്തരത്തിലുള്ള നിരവധി ദുരന്തങ്ങൾക്ക് പത്തനംതിട്ട ജില്ല സാക്ഷിയായി.
കൂടംകുളം -മാടക്കത്തറ 400 കെവി ലൈനുകൾ മലയാലപ്പുഴ, റാന്നി വഴി ജില്ലയുടെ ഏതാണ്ട് മധ്യ ഭാഗത്തു കൂടിയാണ് കടന്നു പോകുന്നത്. സമീപകാലത്ത് വലിച്ച ലൈനായതിനാൽ ജനവാസ മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കിയാണ് വലിച്ചിരിക്കുന്നത്. കുന്നുകൾക്ക് മുകളിൽ ഈ ലൈനുകൾക്കും ഉയരം കുറവായിരിക്കും. ഇതിന് കീഴിലൂടെയുള്ള യാത്രപോലും അപായം നിറഞ്ഞതാണെന്ന് വിദഗ്ധർ ചൂണ്ടിക്കിട്ടുന്നു.
അപകടസാധ്യതകൾ
അമിത ഭാരം കയറ്റി പോകുന്ന വാഹനങ്ങൾ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽനിന്നും റബർത്തടികൾ കയറ്റി ദിവസവും നിരവധി ലോറികളാണ് പെരുമ്പാവൂരിലേക്ക് പോകുന്നത്.
ലോറിയുടെ മുകളിൽ പത്തടിയിലേറെ ഉയരത്തിലാണ് റബർ ത്തടികൾ കയറ്റുന്നത്. മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടെയാണിത്. റോഡിന് കുറുകെയുള്ള കമ്പികളിൽ തട്ടിയാൽ അപകട സാധ്യത ഏറെയാണ്. പണ്ട് ലോറികളുടെ ഇരട്ടി വലിപ്പത്തിൽ കച്ചി കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. വൈദ്യുതി ക്കമ്പികളിൽ കച്ചി തട്ടി ലോറി അടക്കം കത്തിപ്പോയ നിരവധി സംഭവങ്ങൾ ജില്ലയിലുണ്ട്.