അല്‍ഫോന്‍സാമ്മ വചനാധിഷ്ഠിത ജീവിതം നയിച്ചവൾ: ബിഷപ് സാമുവൽ മാർ ഐറേനിയസ്
1578139
Wednesday, July 23, 2025 3:26 AM IST
ഭരണങ്ങാനം: ദൈവത്തിന്റെ വചനം പരിപൂര്‍ണമായി അനുസരിക്കുകയും ആഘോഷിക്കുകയും ജീവിക്കുകയും ചെയ്ത പരിശുദ്ധ അമ്മയുടെ മാതൃകയില്‍ തന്റെ ജീവിതത്തെ ചിട്ടപ്പെടുത്തിയ മകളാണ് വിശുദ്ധ അല്ഫോന്സാമ്മയെന്ന് പത്തനംതിട്ട രൂപത ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. പ്രത്യാശയില്ലാത്ത ഒരു സമൂഹത്തില്‍ പ്രത്യാശയുടെ പ്രവാചകയാണ് അല്ഫോന്സാമ്മയെന്ന് താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നല്കിയ സന്ദേശത്തില്‍ പറഞ്ഞു.
ഇന്നലെ ഫാ. അലക്സ് മൂലക്കുന്നേല്‍, ഫാ. ജോസഫ് കീരഞ്ചിറ, ഫാ. അഗസ്റ്റിന് കൂട്ടിയാനി, ഫാ. മാത്യു കോലത്ത്, ഫാ. സിറിയക് പുത്തേട്ട്, ഫാ. വിന്‍സെന്റ് കദളിക്കാട്ടില്‍ പുത്തന്‍പുര, ഫാ. ജോസഫ് വടക്കേക്കുറ്റ് എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
ഫാ. കുര്യാക്കോസ് വട്ടമുകളേല്‍ റംശാ പ്രാര്‍ഥനയ്ക്കും ഫാ. ജോസഫ് അട്ടാങ്ങാട്ടില്‍ ജപമാല പ്രദക്ഷിണത്തിനും കാര്‍മികത്വം വഹിച്ചു.
ഇന്നത്തെ തിരുക്കർമങ്ങൾ
രാവിലെ 5.30, 6.45, 8.30, 10.00, ഉച്ചകഴിഞ്ഞ് 2.30, 3.30, 5.00, രാത്രി 7.00 - വിശുദ്ധ കുര്‍ബാന. രാവിലെ 11.30ന് ഷംഷാബാദ് രൂപത സഹായ മെ ത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. വൈകുന്നേരം 4.30ന് റംശാ. 6.15ന് ജപമാല പ്രദക്ഷിണം.