മത്സ്യകന്യകയ്ക്ക് ദയാവധം?
1582383
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: ജില്ലാക്കോടതി പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി, ഏറെപ്പേരെ ആകർഷിച്ചിരുന്ന മത്സ്യകന്യക ശില്പം ഇടിച്ചു കളഞ്ഞേക്കും. കനാല്‍ തീരത്തെ ശില്പം ഇളക്കി മാറ്റി സ്ഥാപിക്കാൻ 40 രൂപയാണ് ചെലവ് കണക്കാക്കുന്നത്. അതേസമയം, ഇതേ രീതിയിൽ പുതിയ ശില്പം നിർമിക്കാൻ 20 ലക്ഷം രൂപ മതിയാകും.
ഇളക്കിയെടുത്തു ബീച്ചിലോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലത്തോ സ്ഥാപിക്കുക, അതല്ലെങ്കില്‍ ഇതുപോലെ മറ്റൊരു ശില്പം ഉചിതമായ സ്ഥലത്തു നിര്‍മിക്കുക എന്നീ കാര്യങ്ങളായിരുന്നു പരിഗണനയിൽ. കളക്ടറുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത പല യോഗങ്ങളും ചേർന്നു. ഇതുവരെയും ശില്പം എന്തു ചെയ്യണമെന്ന അന്തിമ തീരുമാനത്തിൽ എത്താനായിട്ടില്ല.
പുതിയ ശില്പം ചെയ്യാന്‍ ശില്പികളെ സമീപിച്ചപ്പോള്‍ ചിലര്‍ നല്‍കിയത് കുറഞ്ഞത് 20 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ്. നിലവിലുള്ള ശില്പം ഇവിടെനിന്നു ഇളക്കിമാറ്റാന്‍ മാത്രം ഏതാനും ചില കരാറുകാര്‍ എസ്റ്റിമേറ്റ് നല്കി. അതു കുറഞ്ഞത് 40 ലക്ഷം രൂപയാണ്.
ഇനിയും ചില ശില്പികളും കരാറുകാരും എസ്റ്റിമേറ്റ് നല്‍കാനുണ്ട്. അതുകൂടി ലഭിച്ച ശേഷം കളക്ടറുടെ അധ്യക്ഷതയില്‍ യോഗം കൂടി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പാലം നിര്‍മാണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. പുതിയ ശില്പം ചെയ്യുന്നതിനും ഇളക്കി മാറ്റാനും വേണ്ടിവരുന്ന ഫണ്ടിനെ സംബന്ധിച്ചും തീരുമാനമായിട്ടില്ല.
168 പൈലിംഗില്‍ വടക്കേ കരയില്‍ ഇന്നലെ വരെ 61 പൈലിംഗ് നിര്‍മാണം പൂര്‍ത്തിയായി. വടക്കേ കരയില്‍ ഇനി 12 പൈലിംഗ് വേണം. ആറു മാസം കൊണ്ട് പൈലിംഗ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.