രാജ്യത്തിന്റെ ഭാവിക്കും വികസനത്തിനുമാവശ്യം ദേശസ്നേഹമുള്ള കുട്ടികള്‍: ആശ സി. ഏബ്രഹാം
1582392
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: ദേശസ്നേഹമുള്ള കുട്ടികളെ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവിക്കും വികാസത്തിനും ആവശ്യമാണെന്ന് ആലപ്പുഴ ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ആശ സി. ഏബ്രഹാം.
പുതുതലമുറയില്‍ ദേശഭക്തിയും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ദേശീയോദ്ഗ്രഥന മുന്നേറ്റം ലക്ഷ്യമിട്ട് സ്കൂള്‍ കുട്ടികള്‍ക്കായി ദീപിക സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരമായ കളര്‍ ഇന്ത്യ സീസണ് നാല് ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എഡിഎം.
ഉദ്ഘാടന യോഗത്തില്‍ ഡിഎഫ്സി ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് ജേക്കബ് പുത്തന്‍പറമ്പില്‍ അധ്യക്ഷനായിരുന്നു. അധ്യാപകന് ഫാ. ബിനു കൂട്ടുമ്മേല്‍, ഡിഎഫ്സി സംസ്ഥാന വൈസ് പ്രസിഡന്റ് റോയി പി. വേലിക്കെട്ടിൽ, സ്കൂള്‍ ഹെഡ്മിസ്ട്രസ് മെര്ലിന് ഫിലിപ്പ്, ദീപിക സര്‍ക്കുലേഷന്‍ വിഭാഗം ഏരിയാ മാനേജര്‍ എ.പി. ശ്രീകുമാര്‍ എന്നിവർ പ്രസംഗിച്ചു.