വഞ്ചിപ്പാട്ട് മത്സരം രജിസ്റ്റര്‍ ചെയ്യാം
1582394
Friday, August 8, 2025 11:31 PM IST
ആലപ്പുഴ: 30 ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള മത്സരാര്‍ഥികള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിക്കുന്നു.
12 മുതല്‍ 22 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥി/വിദ്യാര്‍ഥിനി വിഭാഗത്തില്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായി കുട്ടനാട് ശൈലിയിലും പുരുഷ - സ്ത്രീ വിഭാഗങ്ങളില്‍ കുട്ടനാട് ശൈലി, വെച്ചുപാട്ട് എന്നീ ഇനങ്ങളിലും ആറന്മുള ശൈലിയില്‍ പുരുഷന്മാര്ക്ക് മാത്രമായിട്ടുമാണ് മത്സരം.
ആദ്യമെത്തുന്ന 50 ടീമംഗങ്ങളെ മാത്രമേ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. മത്സരാര്‍ഥികള്‍ക്ക് ആലപ്പുഴ ബോട്ടുജെട്ടിക്ക് എതിര്‍വശമുള്ള മിനി സിവില്സ്റ്റേഷന് അനക്സ് രണ്ടാം നിലയിലെ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0477 2252212.
വിധികര്‍ത്താക്കളെ
ക്ഷണിച്ചു
ആലപ്പുഴ: പുന്നമടക്കായലില്‍ 30നു നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താത്പര്യമുള്ളവരില്‍നിന്ന് ബയോഡേറ്റ സഹിതം അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ യൂണിവേഴ്സിറ്റി തലത്തിലും സ്കൂള്‍ തലത്തിലും വഞ്ചിപ്പാട്ട് വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ളവര്‍ 22ന് മുന്‍പ് ആലപ്പുഴ ബോട്ടുജെട്ടിക്ക് എതിര് വശത്തുള്ള മിനി സിവില്സ്റ്റേഷന് അനക്സ് രണ്ടാം നിലയിലെ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്യാലയത്തില്‍ തപാല്‍ മുഖേനയോ, ഇ -മെയില്‍ മുഖേനെയോ, നേരിട്ടോ എത്തിക്കണമെന്ന് ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനിയറും എന്‍ടിബിആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറുമായ പി.എസ്. വിനോദ് അറിയിച്ചു. ഫോണ്‍: 0477 2252212.
ഓഫീസ് തുറന്നു
ആലപ്പുഴ: ഓഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഓഫീസ് ആലപ്പുഴ റവന്യു ഡിവിഷണല്‍ ഓഫീസില്‍ പി.പി. ചിത്തരഞ്ജന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സമീര്‍ കിഷന് അധ്യക്ഷനായി.
നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ എം.ആര്. പ്രേം, എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എസ്.എം. ഇക്ബാല്‍, എ.എന്‍. പുരം ശിവകുമാര്‍, എം.വി. ഹല്‍ത്താഫ്, ജേക്കബ് ജോണ്‍, റോയി പി. തീയോച്ചന്‍, ബേബി കുമാരന്, ആലപ്പുഴ രൂപത പിആര്‍ഒ ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ പങ്കെടുത്തു.
ഭാഗ്യചിഹ്നം പ്രകാശനം ഇന്ന്
ആലപ്പുഴ: പുന്നമടയില്‍ 30ന് നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്നു രാവിലെ 11-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചലച്ചിത്ര താരം കാളിദാസ് ജയറാം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ആലപ്പുഴ പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നാണ് പ്രകാശനച്ചടങ്ങ്.
ചടങ്ങില്‍ കെ.സി. വേണുഗോപാല്‍ എംപി, പി.പി. ചിത്തരഞ്ജന് എംഎല്‍എ, എച്ച്. സലാം എംഎല്‍എ, തോമസ് കെ. തോമസ് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശാ സി. ഏബ്രഹാം, സബ് കളക്ടര്‍ സമീര്‍ കിഷന്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
സ്മരണികയിലേക്ക്
രചനകള്‍ അയയ്ക്കാം
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നതിനായി കഥ, കവിത, ലേഖനം എന്നിവ ക്ഷണിച്ചു. രചനകള്‍ സെപ്റ്റംബര്‍ 10-നകം കണ്‍വീനര്‍, എന്‍ടിബിആര്‍ സുവനിയര്‍ കമ്മിറ്റി ആന്‍ഡ് എഡിഎം, കളക്ടറേറ്റ്, ആലപ്പുഴ എന്ന മേല്‍വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. മികവുറ്റ രചനകള്‍ സ്മരണികയില്‍ പ്രസിദ്ധീകരിക്കും. ഫോണ്‍: 0477 2251676, 2252580, 9061481390.