സഹകരണ ബാങ്കിൽ പണയംവച്ച സ്വർണം തിരിമറി നടത്തിയതായി പരാതി
1582391
Friday, August 8, 2025 11:31 PM IST
മാന്നാർ: ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ പണയംവച്ച സ്വർണം തിരിമറി നടത്തിയതായി പരാതി. എണ്ണയ്ക്കാട് നിടിയത്ത് കിഴക്കേതിൽ ഭാരതി (75) യാണ് മാന്നാർ പോലിസിൽ പരാതി നൽകിയത്. 2022 മേയ് 19ന് ഇളയ മകളുടെ വീട് പണിയുമായി ബന്ധപ്പെട്ടാണ് ഭാരതി സഹകരണ ബാങ്കിൽ 29 ഗ്രാം സ്വർണം പണയംവച്ച് ഒരുലക്ഷം രൂപയെടുത്തത്. ശുചീകരണ ജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭാരതി കൃത്യമായി പലിശ അടച്ചിരുന്നു.
രണ്ടു വർഷത്തിനുശേഷം സ്വർണം തിരികെയെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്. പണയം എടുക്കാൻ എത്തിയപ്പോൾ സ്വർണം ഇവിടെ ഇല്ലെന്നും മറ്റൊരിടത്ത് വച്ചിരിക്കുകയാണെന്നും ഉടൻ എടുത്ത് തരാമെന്നും ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചതായി ഭാരതി പറഞ്ഞു. പല അവധികൾ പിന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സ്വർണം തിരികെ ലഭിക്കാതെ വന്നതോടെയാണ് ഭാരതി പോലിസിൽ പരാതി നൽകിയത്.
ബാങ്കിന്റെ സെക്രട്ടറിയും മറ്റുള്ളവരും ചേർന്ന് തന്റെ കള്ള ഒപ്പിട്ട് സ്വർണം കൈക്കലാക്കുകയായിരുന്നുവെന്ന് ഭാരതി നൽകിയ പരാതിയിൽ പറയുന്നു. സിപിഎം ഭരണ നേതൃത്വം നിർവഹിക്കുന്ന ബാങ്കിലെ ഉദ്യോഗസ്ഥരായ അനീഷ, വിമല, ഓമന, അശോകൻ എന്നിവരെ പ്രതി ചേർത്ത് മാന്നാർ പോലിസ് കേസെടുത്തു.
ഇപ്പോൾ പോലീസ് എടുത്തിരിക്കുന്ന കേസിൽ പ്രതിയാക്കപ്പെട്ടിട്ടുള്ള അനീഷ ബാങ്ക് സെക്രട്ടറി സ്ഥാനത്ത്നിന്ന് ഇപ്പോൾ സസ്പെൻഷനിലാണ്. സംസ്ഥാനത്ത് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പുകളുടെ തുടർച്ചയാണ് ബുധനൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് ഉയരുന്നതെന്ന് ഇടപാടുകാർ പറയുന്നു.
ബുധനൂർ സർവീസ് സഹകരണ ബാങ്കിൽ സമാനമായ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് വിവരം. പണയംവച്ച സ്വർണാഭരണങ്ങളുടെ തിരിമറി കൂടാതെ സ്ഥിരനിക്ഷേപമായി ലക്ഷങ്ങൾ നൽകിയ ആളുകളും പണം തിരികെ എടുക്കുന്നതിനായി ഇപ്പോൾ ബാങ്കിൽ കയറിയിറങ്ങുന്നുണ്ടെങ്കിലും പണം ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ബാങ്കിലെ തിരിമറികളുമായി ബന്ധപ്പെട്ടുള്ള പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ഇടപാടുകാർ സ്റ്റേഷനിലെത്തി പരാതി നൽകുമെന്നാണ് അറിയാൻ കഴിയുന്നത്.